മനാമ:സന്നാഹ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ബഹറൈനെ നേരിടും. ബഹറൈനിൽ ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. മലയാളിതാരം വി പി സുഹൈറുള്‍പ്പടെയുള്ള താരങ്ങള്‍ അരങ്ങേറ്റം കുറിച്ചേക്കും.
മലയാളിതാരം വി പി സുഹൈർ ഉൾപ്പടെ ഏഴ് പുതുമുഖങ്ങളുമായാണ് ഇന്ത്യ ബഹറൈനെ നേരിടാനിറങ്ങുന്നത്. പ്രഭ്‌സുഖന്‍ ഗില്‍, ഹോര്‍മിപാം, റോഷന്‍ സിങ്, ഡാനിഷ് ഫാറൂഖ്, അനികേത് യാദവ്, അന്‍വര്‍ അലി എന്നിവരാണ് കോച്ച് ഇഗോർ സ്റ്റിമാക്ക് ടീമിൽ ഉൾപ്പെടുത്തിയ മറ്റ് പുതുമുഖങ്ങൾ.
ഐഎസ്എല്ലിലെ മികവാണ് യുവതാരങ്ങൾക്ക് തുണയായത്. പരിക്കേറ്റ നായകൻ സുനിൽ ഛേത്രി, മലയാളിതാരങ്ങളായ സഹൽ അബ്‌ദുൽ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ടീമിൽ നിന്ന് പിൻമാറി.
എഎഫ്‌സി കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് ഇന്ത്യ ബഹറൈനെ നേരിടുന്നത്. ശനിയാഴ്‌ച ബെലാറുസിനെയും ഇന്ത്യ നേരിടും. എഎഫ്‌സി കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ജൂണ്‍ എട്ടിന് കംബോഡിയയെയും 11ന് അഫ്‌ഗാനിസ്ഥാനെയും 14ന് ഹോങ്കോങിനെയും നേരിടും.
25 അംഗ ടീമിലെ 18 താരങ്ങളാണ് ബഹറൈനിൽ എത്തിയിരിക്കുന്നത്. വിസ കിട്ടാത്തതിനാൽ ഏഴ് താരങ്ങൾ തിങ്കളാഴ്‌ച ടീമിനൊപ്പം പോയിട്ടില്ല. ഈ താരങ്ങൾ ഇന്ന് വൈകിട്ടോടെ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗോൾകീപ്പർ അമരീന്ദർ സിങ്, ഡിഫൻഡർ ചിംഗ്ലെൻസന സിങ്, ആകാശ് മിശ്ര, മിഡ്‌ഫീൽഡർമാരായ അനിരുദ്ധ് ഥാപ്പ, ബ്രാൻഡൻ ഫെർണാണ്ടസ്, അനികേത് യാദവ്, ബിപിൻ സിങ് എന്നിവര്‍ക്കാണ് വിസ പ്രശ്‌നങ്ങളുള്ളത്. ഈ ഏഴ് താരങ്ങൾക്കും ഇന്ന് കളിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ മലയാളിതാരം വി പി സുഹൈർ ഉൾപ്പടെ ബഹറൈനിൽ എത്തിയ യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിച്ചേക്കും.
ALSO READ:ആഷ്‌ലി ബാർട്ടി വിരമിച്ചു: അപ്രതീക്ഷിത പ്രഖ്യാപനം 25-ാം വയസിൽ; ടെന്നിസ് ലോകത്തിന് ഞെട്ടല്‍