മഡ്രിഡ്: സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തിയുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്‌തതിന് പിന്നാലെ വിശദീകരണവുമായി മുൻ സ്പാനിഷ് ഫുട്ബോളര്‍ ഇകർ കസിയസ്. തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സ്‌പാനിഷ് ഭാഷയിലുള്ള മറ്റൊരു ട്വീറ്റിലൂടെ കസിയസ് അറിയിച്ചു. എല്ലാ ഫോളോവർമാരോടും ക്ഷമചോദിക്കുകയാണെന്നും കസിയസ് പറഞ്ഞു.
"അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഭാഗ്യത്തിന് എല്ലാം പഴയപോലെയുണ്ട്. എല്ലാ ഫോളോവർമാരോടും ക്ഷമ ചോദിക്കുന്നു. തീര്‍ച്ചയായും എൽജിബിടി സമൂഹത്തോടും മാപ്പു ചോദിക്കുന്നു" കസിയസ് കുറിച്ചു.
"ഞാനൊരു സ്വവർഗാനുരാഗിയാണ്, നിങ്ങൾ എന്നെ ബഹുമാനിക്കുമെന്നു കരുതുന്നു" എന്നായിരുന്നു കസിയസ് ആദ്യം ട്വീറ്റ് ചെയ്‌തത്. ഇതിനോട് പ്രതികരിച്ച് സ്‌പാനിഷ് ടീമില്‍ സഹതാരമായിരുന്ന കാർലോസ് പുയോളും രംഗത്തെത്തിയിരുന്നു.
"നമ്മുടെ കഥകൾ പറയാനുള്ള സമയമായിരിക്കുന്നു, ഇകർ". എന്നായിരുന്നു കാർലോസ് പുയോള്‍ കമന്‍റിട്ടത്. ട്വീറ്റ് ചെയ്‌ത് മണിക്കൂറുകള്‍ക്കകം കസിയസ് തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്‌തിരുന്നു.
സ്‌പെയ്‌നിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളാണ് കസിയസ്. 2008, 2012 യൂറോകപ്പുകളും 2010 ലോകകപ്പും സ്‌പെയ്‌നിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കാണ് താരത്തിനുള്ളത്. അടുത്തിടെ ഭാര്യ സാറ കാർബോനെറോയിൽ നിന്ന് 41കാരനായ കസിയസ് വിവാഹ മോചനം നേടിയിരുന്നു.
2016ലാണ് കസിയസ് സ്പാനിഷ് സ്‌പോർട്‌സ് ജേണലിസ്റ്റായ സാറയെ വിവാഹം ചെയ്‌തത്. ഇതിന് പിന്നാലെ താരം പോപ്പ് ഗായികയും സ്‌പാനിഷ് ടീമില്‍ സഹതാരമായിരുന്ന ജെറാർഡ് പീക്വെയുടെ മുൻ കാമുകിയുമായ ഷാക്കിറയുമായി ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
അതേസമയം കസിയസിനെതിരെ രൂക്ഷവിമർശനവുമായി സ്വവർഗാനുരാഗിയെന്ന് വെളിപ്പെടുത്തിയ ഓസ്ട്രേലിയൻ ഫുട്ബോളർ ജോഷ്വാ കാവല്ലോ രംഗത്തെത്തി. ഫുട്ബോൾ രംഗത്ത് നിന്നും ഇത്തരം പരിഹാസം നേരിട്ടതിൽ ആശങ്കയുണ്ടെന്ന് ജോഷ്വ പ്രതികരിച്ചു. എല്‍ജിബിടിക്യു സമൂഹത്തിന്‍റെ ഭാഗമായ ഏതൊരാളും കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നതെന്നും താരം ഓര്‍മ്മിപ്പിച്ചു.
also read:ഷാക്കിറയുമായി ഡേറ്റിങ്ങിലോ ? ; പ്രതികരിച്ച് ഇകർ കസിയസ്