പാരീസ്: ബെർലിൻ ഓപ്പൺ ടെന്നീസില്‍ കളിക്കില്ലെന്ന് ലോക ഒന്നാം നമ്പര്‍ വനിത താരവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ ഇഗ സ്വിറ്റെക്. തോളിലെ അസ്വസ്ഥതകളാലാണ് അടുത്ത ആഴ്‌ച നടക്കുന്ന ബെര്‍ലിന്‍ ഓപ്പണ്‍ ഒഴിവാക്കുന്നതെന്ന് ഇഗ സ്വിറ്റെക് അറിയിച്ചു. എന്നാൽ ഈ മാസം അവസാനം ആരംഭിക്കുന്ന വിംബിൾഡണിൽ കളിക്കുമെന്നും പോളിഷ് താരം വ്യക്തമാക്കി.
ഇക്കാര്യം ചൂണ്ടിക്കാട്ടി താരം ട്വീറ്റ് ചെയ്‌തിട്ടുണ്ട്. "എന്‍റെ തോളില്‍ അനുഭവപ്പെടുന്ന ആവർത്തിച്ചുള്ള അസ്വസ്ഥത കാരണം, നിർഭാഗ്യവശാൽ ബെർലിന്‍ ഓപ്പണനില്‍ നിന്നും പിന്മാറേണ്ടതുണ്ട്. എനിക്ക് അവിടെ കളിക്കാൻ കഴിയില്ലെന്നതില്‍ ക്ഷമ ചോദിക്കുന്നു. വിശ്രമ വേളയില്‍ വിംബിൾഡണിന് തയ്യാറെടുക്കുന്നതിലും സുഖം പ്രാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും", ഇഗ സ്വിറ്റെക് ട്വീറ്റ് ചെയ്‌തു.