പാരിസ്: തുടര്‍ച്ചയായ രണ്ടാം പ്രാവശ്യവും ഫ്രഞ്ച് ഓപ്പണ്‍ (French Open) വനിത സിംഗിള്‍സ് കിരീടത്തില്‍ മുത്തമിട്ട് ഇഗ ഷ്വാംടെക് (iga swiatek). കരിയറിലെ ആദ്യ ഗ്രാന്‍ഡ്‌സ്ലാം ഫൈനല്‍ പോരാട്ടത്തിനിറങ്ങിയ ലോക 43-ാം റാങ്കുകാരി കരോലിന മുച്ചോവ (karolina muchova) യെയാണ് ഒന്നാം സീഡായ ഇഗ തകര്‍ത്തത്. സ്‌കോര്‍: 6-2, 5-7, 6-4
ഇഗയുടെ നാലാം ഗ്രാന്‍ഡ്സ്ലാം കിരീടവും മൂന്നാം ഫ്രഞ്ച് ഓപ്പണ്‍ കിരീടവുമാണിത്. ഇതോടെ പാരിസില്‍ 16 വര്‍ഷത്തിനിടെ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിത താരമായും ഇഗ മാറി. 2007ല്‍ ചാമ്പ്യനായ ജസ്റ്റിന്‍ ഹെനിന്‍ ആയിരുന്നു അവസാനമായി ഫ്രഞ്ച് ഓപ്പണ്‍ കിരീടം നിലനിര്‍ത്തിയ വനിത താരം.
ഫ്രഞ്ച് ഓപ്പണില്‍ അപരാജിത കുതിപ്പായിരുന്നു ഇക്കുറി ലോക ഒന്നാം നമ്പര്‍ താരമായ ഇഗ നടത്തിയത്. ടൂര്‍ണമെന്‍റില്‍ കളത്തിലിറങ്ങിയ മത്സരങ്ങളിലൊന്നും ഒരു സെറ്റ് പോലും വനിത ടെന്നിസിലെ സൂപ്പര്‍ സ്റ്റാറായ ഇഗ നഷ്‌ടപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കലാശപ്പോരാട്ടത്തിലും താരത്തിന് അനായാസ ജയമാണ് പലരും പ്രവചിച്ചിരുന്നത്.
ഇത് ശരിവയ്‌ക്കുന്ന തരത്തിലായിരുന്നു ആദ്യ സെറ്റിലെ പ്രകടനവും. മത്സരത്തിന്‍റെ ഒന്നാം സെറ്റില്‍ എതിരാളിക്ക് മേല്‍ പൂര്‍ണ ആധിപത്യം സ്വന്തമാക്കാന്‍ ഇഗ ഷ്വാംടെക്കിനായി. തുടക്കം മുതല്‍ മുച്ചോവയെ നിഷ്‌ഭ്രമമാക്കിയ ഇഗ 6-2 എന്ന സ്‌കോറില്‍ ഒന്നാം സെറ്റ് പിടിച്ചു.
എന്നാല്‍, രണ്ടാം സെറ്റില്‍ ഇഗയ്‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ആദ്യ സെറ്റ് നഷ്‌ടപ്പെട്ട മുച്ചോവ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്നു. ഒന്നാം നമ്പര്‍ താരത്തിന് വെല്ലുവിളിയായ മുച്ചോവ രണ്ടാം സെറ്റ് 5-7 എന്ന സ്‌കോറില്‍ പിടിച്ചു. അവസാന സെറ്റില്‍ ഇതേ പ്രകടനം ആവര്‍ത്തിക്കാന്‍ മുച്ചോവയ്‌ക്ക് സാധിച്ചില്ല. 6-4 എന്ന സ്‌കോറിന് മൂന്നാം സെറ്റ് പിടിച്ച ഇഗ മത്സരവും സ്വന്തമാക്കുകയായിരുന്നു.