ലണ്ടന്‍: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും മികച്ച തെരഞ്ഞെടുപ്പാണ് സൂപ്പര്‍ താരം ഏര്‍ലിങ് ഹാലന്‍ഡ്. സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 22കാരനായ ഹാലന്‍ഡ് ടീമിനായി 14 ഗോളുകളാണ് അടിച്ച് കൂട്ടിയിട്ടുള്ളത്. കഴിഞ്ഞ ട്രാന്‍സ്‌ഫര്‍ വിന്‍ഡോയില്‍ ജര്‍മ്മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്നാണ് നോര്‍വീജിയന്‍ താരത്തെ സിറ്റി റാഞ്ചിയത്.
സിറ്റിയല്ലെങ്കില്‍ ഏത് ക്ലബിനെയായിരിക്കും ഹാലന്‍ഡ് തെരഞ്ഞെടുക്കുകയെന്നത് തുറന്ന് പറഞ്ഞിരിക്കുകയാണ് താരത്തിന്‍റെ പിതാവ്. താരം എങ്ങനെ സിറ്റിയിലെത്തി എന്നതിനെക്കുറിച്ചുള്ള "ഹാലൻഡ് - ദി ബിഗ് ഡിസിഷൻ" എന്ന ഡോക്യുമെന്‍ററിയിലാണ് ഹാലന്‍ഡിന്‍റെ പിതാവും സിറ്റിയുടെ മുന്‍ താരവുമായ ആല്‍ഫി ഹാലന്‍ഡ് ഇതേക്കുറിച്ച് സംസാരിച്ചത്.
ഡോര്‍ട്ട്‌മുണ്ട് വിട്ടാല്‍ ചേരേണ്ട ക്ലബുകളുടെ പട്ടിക നേരത്തെ തയാറാക്കിയിരുന്നതായി ആല്‍ഫി ഹാലന്‍ഡ് പറഞ്ഞു. സിറ്റിയുമായി കരാറിലെത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്, പിഎസ്‌ജി എന്നീ ടീമുകളെയാണ് പരിഗണിച്ചിരുന്നതെന്ന് ആല്‍ഫി ഹാലന്‍ഡ് പറഞ്ഞു.