കല്ല്യാണി(ബംഗാൾ): ഐ - ലീഗ് ഫുട്‌ബോളിൽ ജൈത്രയാത്ര തുടർന്ന് ഗോകുലം കേരള. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം എതിരില്ലാത്ത നാല് ഗോളിനാണ് സുദേവ ഡൽഹിയെ തോൽപ്പിച്ചത്. ലൂക്ക മച്‌നെ ഹാട്രിക്ക് നേടിയപ്പോൾ താഹിർ സമാൻ ഗോൾ പട്ടിക പൂർത്തിയാക്കി.
17-ാം മിനിറ്റിൽ ജിതിൻ എം എസിന്‍റെ മനോഹരമായ പാസിൽ നിന്നും ലൂകയിലുടെ ഗോകുലം മുന്നിലെത്തി. 27-ാം മിനിറ്റിൽ താഹിർ സമാനിലൂടെ ഗോകുലം ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി ഗോകുലം കേരള 2-0ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ലൂക മൂന്നാം ഗോളും നേടി മത്സരം ഗോകുലത്തിന്‍റെ പേരിലാക്കി. ഇതിനു പിന്നാലെ 87-ാം മിനിറ്റിൽ ടീമിന്‍റെ നാലാം ഗോളും ലൂക ഹാട്രിക്കും തികച്ചു. ഇതോടെ ലൂകയുടെ പേരിൽ 14 ഗോളുകളായി.
ALSO READ;ഐ ലീഗ്: ഇരട്ട ഗോളുമായി ജോർഗാൻ ഫ്ലെച്ചർ; ഐസ്വാൾ എഫ്‌സിക്കെതിരെ ഗോകുലം കേരളയ്‌ക്ക് തകർപ്പൻ ജയം
ജയത്തോടെ മുഹമ്മദൻസിനെ മറികടന്ന് ഗോകുലം പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ലീഗിൽ ഇത്‌വരെ തോൽവിയറിയാത്ത ഏക ടീമായ ഗോകുലം 11 മത്സരങ്ങളിലായി 27 പോയിന്‍റോടെയാണ് ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള മുഹമ്മദൻസിന് 25 പോയിന്‍റാണുള്ളത്.