കൊല്‍ക്കത്ത: ഐ ലീഗ് കിരീടം ഉറപ്പിക്കാന്‍ ഗോകുലം കേരള എഫ് സി ചൊവ്വാഴ്ച കളത്തിലിറങ്ങും. ശ്രീനിധി ഡക്കാന്‍ എഫ് സിയാണ് മത്സരത്തില്‍ മലബാറിയന്‍സിന്‍റെ എതിരാളികള്‍. ചൊവ്വാഴ്ച (10.05.2022) നടക്കുന്ന കളിയില്‍ സമനില വിജയത്തിന് പുറമെ സമനില നേടിയാലും ഗോകുലത്തെ കാത്തിരിക്കുന്നത് ലീഗ് കിരീടവും നിരവധി റെക്കോഡുകളുമാണ്.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്‍റ് നേടിയാല്‍ ഗോകുലം കേരളയ്‌ക്ക് കിരീടം സ്വന്തമാകും. ഡക്കാന്‍ എഫ് സിയെ തകര്‍ത്ത് രണ്ടാം കിരീടം നേടാനാകും മലബാറിയന്‍സ് നാളെ ഇറങ്ങുക. സീസണില്‍ ഇരു ടീമുകളും തമ്മില്‍ നടന്ന ആദ്യ മത്സരത്തില്‍ 2-1ന് ഗോകുലം വിജയിച്ചിരുന്നു.
നാളെ നടക്കുന്ന മത്സരത്തില്‍ പരാജയപ്പെടാതിരുന്നാല്‍ ഐ ലീഗില്‍ തോല്‍വി അറിയാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ടീമായി മലബാറിയന്‍സ് മാറും. 21 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് ഗോകുലം ഇപ്രാവശ്യം നടത്തിയത്. 2021 ല്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനോടാണ് അവസാനമായി ടീം തോല്‍വി ഏറ്റ് വാങ്ങിയത്.
സമനില നേടി കപ്പ് ഉയര്‍ത്തിയാല്‍ പരാജയം ഏറ്റുവാങ്ങാതെ കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന നേട്ടവും ഗോകുലത്തിന് സ്വന്തമാക്കാം. ശേഷിക്കുന്ന മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയാല്‍ തോല്‍വി അറിയാതെ ഒരു സീസണ്‍ അവസാനിപ്പിക്കുന്ന ആദ്യത്തെ ടീം ആയും മാറാന്‍ മലബാറിയന്‍സിന് കഴിയും. നാളെ രാത്രി എട്ട് മണിക്കാണ് മത്സരം.
ലീഗിലെ നിര്‍ണായക മത്സരത്തില്‍ പരിക്ക് മാറിയെത്തുന്ന നായകന്‍ ഷരീഫ് മുഹമ്മദ് ആദ്യ ഇലവനില്‍ ഉണ്ടാകും. ശക്തരായ എതിരാളികളാണ് ശ്രീനിധി ഡക്കാനെന്നും, വിജയം ലക്ഷ്യമാക്കി മാത്രമാകും ഗോകുലം കേരള ഇറങ്ങുന്നതെന്നും പരിശീലകന്‍ അനീസെ വ്യക്തമാക്കി. ക്യാപ്‌ടന്‍ ഷരീഫിന്‍റെ തിരിച്ചുവരവ് മധ്യനിരയില്‍ ടീമിന് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.