കൊൽക്കത്ത: ഐ ലീഗിൽ അവസാന മത്സരത്തിൽ മുഹമ്മദൻസിനെ തകർത്ത ഗോകുലം കേരളയ്‌ക്ക് തുടർച്ചയായ രണ്ടാം കിരീടം. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഗോകുലം കേരള മുഹമ്മദൻസിനെ പരാജയപ്പെടുത്തിയത്. ദേശീയ ചാമ്പ്യന്‍ഷിപ്പ് ഐ ലീഗ് ആയി രൂപം മാറിയശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടവും ഗോകുലത്തിന് സ്വന്തമായി.
ലീഗില്‍ 18 മത്സരങ്ങളില്‍ 43 പോയിന്‍റുമായാണ് ഗോകുലം ജേതാക്കളായത്. 18 മത്സരങ്ങളില്‍ 37 പോയന്‍റുള്ള മുഹമ്മദന്‍സ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തു. സമനിലകൊണ്ട് തന്നെ കിരീടം നേടുമായിരുന്ന ഗോകുലം പ്രതിരോധത്തിൽ ഊന്നിയാണ് കളിച്ചത്.
മത്സരത്തിൽ ഗോകുലത്തിന് ആദ്യ നല്ല അവസരം ലഭിക്കുന്നത് 42-ാം മിനിറ്റിലാണ്. പൊസിഷൻ തെറ്റി നിന്ന മുഹമ്മദൻസ് കീപ്പറിനു മുകളിലൂടെ ഫ്ലച്ചർ പന്ത് ഗോൾ ലക്ഷ്യമാക്കി തൊടുത്തെങ്കിലും പുറത്തേക്ക് പോയി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയാലായിരുന്നു മുഴുവന്‍ ഗോളുകളും.
50-ാം മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്നും റിഷാദ് ഗോകുലത്തെ മുന്നിലെത്തിച്ചു. പക്ഷെ മുൻ ഗോകുലം താരം മാർക്കസ് ജോസഫ് ഗോകുലത്തിന്‍റെ വില്ലനായി. ഏഴ് മിനിറ്റിനകം മുഹമ്മദന്‍സിനായി മാര്‍ക്കസ് ജോസഫിന്‍റെ ഫ്രീ കീക്ക് അസ്ഹറിന്‍റെ കാലില്‍ തട്ടി ഗോകുലത്തിന്‍റെ വലയില്‍ കയറി. 61-ാം മിനിറ്റില്‍ ഒറ്റക്ക് മുന്നേറിയ എമില്‍ ബെന്നി തൊടുത്ത ഷോട്ട് ഗോകുലത്തെ മുന്നിലെത്തിച്ചു. സമനില ഗോളിനായി മുഹമ്മദന്‍സ് കിണഞ്ഞു ശ്രമിച്ചെങ്കിലും മികച്ചരീതിയിൽ പ്രതിരോധിച്ച ഗോകുലം കീരടം ഉറപ്പിച്ചു.
കഴിഞ്ഞ സീസണിലും അവസാന മത്സരത്തിൽ ആയിരുന്നു ഗോകുലം കിരീടം ഉറപ്പിച്ചത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീനിധി എഫ് സിക്കെതിരെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗോകുലത്തിന് കിരീടം ഉറപ്പിക്കാന്‍ മുഹമ്മദന്‍സിനെതിരായ അവസാന മത്സരം വരെ കാത്തിരിക്കേണ്ടിവന്നത്.