കൊൽക്കത്ത: ഐ ലീഗിൽ കിരീടം നിലനിർത്താനിറങ്ങിയ ഗോകുലം കേരളക്ക് അപ്രതീക്ഷിത പരാജയം. കിരീടത്തിൽ മുത്തമിടാൻ ഒരു പോയിന്‍റ് മാത്രം മതിയായിരുന്ന ഗോകുലം കേരളയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ശ്രീനിഥി ഡെക്കാൻ തോൽപ്പിച്ചത്. ഈ സീസണിലെ ഗോകുലത്തിന്‍റെ ആദ്യ തോൽവിയാണിത്.
കിരീടം മോഹിച്ചിറങ്ങിയ ഗോകുലം ഗോൾ മുഖം ശക്തമായ നീക്കങ്ങളുമായി ശ്രീനിഥി തുടക്കം മുതൽ വിറപ്പിച്ചുക്കൊണ്ടിരുന്നു. ആദ്യ പകുതിയിൽ മുൻ ഗോകുലം കേരള താരം ലാൽറോമാവിയ നേടിയ ഹാട്രിക്ക് ആണ് ശ്രീനിധിക്ക് കരുത്തേകിയത്. 19, 33, 37 മിനിറ്റുകളിലാണ് ലാൽറോമാവിയ ഗോകുലത്തിന്‍റെ വലകുലുക്കിയത്.
ഗോകുലം 47-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി തിരിച്ചുവരവിന്‍റെ സൂചന നൽകി. ക്യാപ്റ്റൻ ശരീഫ് മുഹമ്മദായിരുന്നു ഗോൾ നേടിയത്. എന്നാൽ 54-ാം മിനിറ്റിൽ ശരീഫിന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഗോകുലത്തിന്‍റെ തിരിച്ചുവരവ് സാധ്യതങ്ങൾ മങ്ങി.
തോറ്റെങ്കിലും ഗോകുലം തന്നെയാണ് പട്ടികയിൽ ഒന്നാമത്. അടുത്ത മത്സരത്തിൽ സമനിലയെങ്കിലും നേടാനായാൽ ഗോകുലത്തിന് കിരീടം സ്വന്തമാക്കാം. 14ന് രാത്രി ഏഴുമണിക്കാണ് മുഹമ്മദൻസും ഗോകുലം കേരളയും തമ്മിലുള്ള നിർണായക പോരാട്ടം.
21 മത്സരങ്ങളിൽ പരാജയമറിയാതെ എത്തിയ ഗോകുലത്തിന് 17 മത്സരങ്ങളിൽ നിന്നായി 40 പോയിന്‍റാണുള്ളത്. മറ്റൊരു മത്സരത്തിൽ മുഹമ്മദൻസ് രാജസ്ഥാൻ എഫ്.സിയെ വീഴ്ത്തിയതോടെ 37 പോയിന്‍റുമായി ഗോകുലത്തിന് തൊട്ടുപിന്നിൽ തന്നെയുണ്ട്. ലീഗിൽ ആകെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്.