കൊല്‍ക്കത്ത: ഐ-ലീഗ് ചാമ്പ്യൻഷിപ്പ് റൗണ്ട് മത്സരത്തിൽ ശനിയാഴ്‌ച (07 മെയ് 2022) ഗോകുലം കേരള എഫ്‌സി രാജസ്ഥാൻ യുണൈറ്റഡിനെ നേരിടും. കിരീടത്തിനരികെ നില്‍ക്കുന്ന ഗോകുലത്തിന് മത്സരത്തില്‍ വിജയം അനിവാര്യമാണ്. ഇന്ന് (06 മെയ് 2022) നടന്ന മത്സരത്തില്‍ മുഹമ്മദന്‍സ് സ്‌പോർട്ടിംഗ് വിജയം നേടിയതാണ് മലബാറിയന്‍സിന് തിരിച്ചടിയായത്.
ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള മുഹമ്മദൻസ് ഇന്ന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തില്‍ മുഹമ്മദൻസ് സ്‌പോർട്ടിംഗ് പരാജയപ്പെട്ടിരുന്നെങ്കില്‍ നാളെ രാജസ്ഥാനെ തകര്‍ത്ത് ഗോകുലത്തിന് കിരീടം സ്വന്തമാക്കാമായിരുന്നു. ജയത്തോടെ ആദ്യകിരീട നേട്ടം എന്ന പ്രതീക്ഷ മുഹമ്മദന്‍സ് നിലനിര്‍ത്തിയിട്ടുണ്ട്.
ലീഗില്‍ 20 മത്സരങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്ന ഗോകുലം രണ്ടാം ഐ ലീഗ് കിരീടത്തിന് തൊട്ടരികിലാണ് ഉള്ളത്. മൂന്ന് മത്സരങ്ങള്‍ മാത്രം ശേഷിക്കേ രണ്ടാമതുള്ള മുഹമ്മദൻസിനേക്കാള്‍ മൂന്ന് പോയിന്‍റ് മാത്രം വ്യത്യാസമാണ് നിലവില്‍ ഗോകുലത്തിനുള്ളത്. വരും മത്സരങ്ങളിലും വിജയിച്ച് ടീം കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ലീഗിന്‍റെ പത്താം റൗണ്ട് വരെ മുഹമ്മദൻ സ്‌പോർട്ടിംഗായിരുന്നു ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ ആറ് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയം സ്വന്തമാക്കാന്‍ കഴിഞ്ഞതാണ് മുഹമ്മദൻസിന് തിരിച്ചടിയായത്. മറുഭാഗത്ത് വിജയക്കുതിപ്പ് നടത്തിയ ഗോകുലം കേരള അവസാന എട്ട് മത്സരങ്ങളില്‍ ഏഴിലും വിജയം സ്വന്തമാക്കി.
ഈ മാസം അവസാനം കൊൽക്കത്തയിൽ നടക്കുന്ന എഎഫ്‌സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ കോണ്ടിനെന്റൽ സ്റ്റേജിൽ ക്ലബ് അരങ്ങേറ്റം കുറിക്കുന്നതിനാല്‍ ഗോകുലം കേരള ആരാധകർകരും ആവേശത്തിലാണ്. ഇന്ത്യൻ ടീമായ എടികെ മോഹൻ ബഗാൻ, ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബശുന്ധര കിംഗ്‌സ് , മാലിദ്വീപ് ചാമ്പ്യൻമാരായ മാസിയ എന്നിവരെയാണ് ഗോകുലം എഎഫ്‌സി കപ്പില്‍ നേരിടുന്നത്. ഏഷ്യൻ ചലഞ്ചിന് തയ്യാറെടുക്കുന്ന ഗോകുലം കേരളത്തിന് കൂടുതല്‍ ഊര്‍ജം പകരുന്നതായിരിക്കും ഐ ലീഗ് വിജയം.