ബെര്‍ലിന്‍ (ജര്‍മനി): ഹല്ലി ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരമായ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിന് തോല്‍വി. പോളണ്ടിന്‍റെ അഞ്ചാം സീഡ് താരം ഹ്യൂബര്‍ട്ട് ഹര്‍കാക്‌സാണ് മെദ്‌വെദേവിനെ അട്ടിമറിച്ചത്. 63 മിനിറ്റ് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വെദേവിന്‍റെ കീഴടങ്ങല്‍.
ഹല്ലി ഓപ്പണ്‍ ടെന്നീസ്: മെദ്‌വെദേവിന് നിരാശ; കിരീടമുയര്‍ത്തി ഹര്‍കാക്‌സ് - ഡാനില്‍ മെദ്‌വെദേവ്
ഹ്യൂബര്‍ട്ട് ഹര്‍കാക്‌സിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വെദേവിന്‍റെ കീഴടങ്ങല്‍.
സ്‌കോര്‍: 6-1, 6-4. ഗ്രാസ് കോർട്ടിൽ ഹര്‍കാക്‌സ് നേടുന്ന ആദ്യ കിരീടമാണിത്. അതേസമയം ഗ്രാസ് കോർട്ടിൽ തുടര്‍ച്ചയായ രണ്ടാം ഫൈനലിലാണ് റഷ്യൻ താരം കീഴടങ്ങുന്നത്. കഴിഞ്ഞയാഴ്ച നെതല്‍ലന്‍ഡ്‌സിലെ ഹെർട്ടോജെൻബോഷിൽ നടന്ന ലിബെമ ഓപ്പണ്‍ ഫൈനലിലും മെദ്‌വെദേവ് തോറ്റിരുന്നു.
മത്സരത്തില്‍ തോറ്റെങ്കിലും മെദ്‌വെദേവ് എടിപി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 8160 പോയിന്‍റാണ് താരത്തിനുള്ളത്. വിജയത്തോടെ ഹര്‍കാക്‌സ് ലോകറാങ്കിങ്ങില്‍ ആദ്യ പത്തിലിടം നേടി. നിലവില്‍ 3738 പോയിന്‍റോടെ പത്താം റാങ്കിലാണ് താരം. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവ് രണ്ടാമതും സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് മൂന്നാം റാങ്കിലും നില്‍ക്കുന്നു. സ്‌പെയിനിന്‍റെ ഇതിഹാസതാരം റാഫേല്‍ നദാലാണ് നാലാം സ്ഥാനത്ത്.