ലണ്ടന്‍: 2023-ലെ ഫിഫയുടെ മികച്ച പുരുഷ ഫുട്‌ബോളര്‍ക്കുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം അര്‍ജന്‍റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു.(Lionel Messi Wins FIFA The Best Award 2023). നോര്‍വീജിയന്‍ താരം എര്‍ലിങ് ഹാലന്‍ഡ് (Erling Haaland), ഫ്രാന്‍സിന്‍റെ കിലിയന്‍ എംബാപ്പെ (Kylian Mbappe) എന്നിവരെ പിന്തള്ളിയാണ് മെസിയുടെ പുരസ്‌ക്കാര നേട്ടം. ദേശീയ ടീം ക്യാപ്റ്റൻമാർ, പരിശീലകർ, മാധ്യമ പ്രവർത്തകർ, ആരാധകർ എന്നിവരുടെ വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഫിഫ ദി ബെസ്റ്റ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുക്കുന്നത്.
ഇതില്‍ ദേശീയ ടീം ക്യാപ്റ്റന്മാര്‍ക്കും പരിശീലകര്‍ക്കും മൂന്ന് താരങ്ങള്‍ക്ക് വോട്ട് വീതം ചെയ്യാം. ഫസ്റ്റ് ചോയ്‌സ്, സെക്കന്‍റ് ചോയ്‌സ്, തേര്‍ഡ് ചോയ്‌സ് എന്നിങ്ങിയാണിത്. ഫസ്റ്റ് ചോയ്‌സാവുന്ന കളിക്കാരന് അഞ്ച് പോയിന്‍റും രണ്ടാമത്തെ കളിക്കാരന് മൂന്നും മൂന്നാമത്തെ കളിക്കാരന് ഒരു പോയിന്‍റുമാണ് ലഭിക്കുക. ഓരോ വിഭാഗങ്ങളിൽ നിന്നും ആകെയുള്ള വോട്ടിന്‍റെ 25 ശതമാനം വീതം പരിഗണിച്ചാണ് വിജയിയെ തീരുമാനിക്കുന്നത്.
പോയിന്‍റ് തുല്യം, എന്നിട്ടും മെസി എങ്ങിനെ ജേതാവായി: മെസിയ്‌ക്കും ഹാലണ്ടിനും 48 പോയിന്‍റ് വീതമാണ് ലഭിച്ചത്. എംബാപ്പെയ്‌ക്ക് 35 പോയിന്‍റും കിട്ടി. ഇതോടെ തുല്യപോയിന്‍റായിട്ടും ഹാലണ്ടിനെ മറികടന്ന് മെസി എങ്ങിനെ ഒന്നാം സ്ഥാനത്ത് എത്തി ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
രണ്ട് താരങ്ങള്‍ക്ക് തുല്യപോയിന്‍റ് ലഭിക്കുകയാണെങ്കില്‍ ദേശീയ ടീം ക്യാപ്റ്റന്മാരുടെ ഫസ്റ്റ് ചോയ്‌സ് വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിജയിയെ നിര്‍ണയിക്കുക. ഇക്കാര്യത്തില്‍ 36-കാരനായ മെസി മുന്നിലായതോടെയാണ് ഹാലന്‍ഡിന് പുരസ്‌ക്കാരം നഷ്‌ടപ്പെട്ടത്. ഫിഫ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവര പ്രകാരം ആരാധകരുടേയും വോട്ടിങ്ങില്‍ മെസി മുന്നിലെത്തിയിരുന്നു. എന്നാൽ പരിശീലകരുടേയും മാധ്യമ പ്രവർത്തരുടേയും വിഭാഗത്തിൽ നിന്നും എർലിങ് ഹാലന്‍ഡിനാണ് കൂടുതല്‍ പിന്തുണ ലഭിച്ചത്. (How did Lionel Messi beat Erling Haaland to win FIFA Best Award?)