മുംബൈ: സ്‌പാനിഷ് ലാലിഗ സ്വന്തമാക്കിയ റയല്‍ മാഡ്രിഡിനെ അഭിനന്ദിച്ച് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ. ഹിറ്റ്മാന്‍ ട്വീറ്റിലൂടെയാണ് റയലിനെ അഭിനന്ദിച്ചത്. റയലിന്‍റെ ജേഴ്‌സിയണിഞ്ഞ് രോഹിത് ആഹ്‌ളാദം പങ്കുവെക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. അവസാനമായി ഈ വര്‍ഷം ചില നല്ല വാര്‍ത്തകള്‍ കൂടി. മോശം സമയത്ത് ടീമെന്ന നിലയില്‍ ഒരുമിച്ച് നിന്ന് റയല്‍ ഒരു കിരീടം കൂടി സ്വന്തമാക്കിയെന്ന വാക്കുകളും ഹിറ്റ്മാന്‍ ട്വീറ്റില്‍ കുറിച്ചു.
റയലിനെ അഭിനന്ദിച്ച് ഹിറ്റ്മാന്‍
സ്‌പാനിഷ് ലാലിഗയുടെ ഇന്ത്യന്‍ അംബാസിഡറാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓപ്പണര്‍ കൂടിയായ രോഹിത് ശര്‍മ്മ
സ്‌പാനിഷ് ലാലിഗയുടെ ഇന്ത്യന്‍ അംബാസിഡറാണ് രോഹിത് ശര്‍മ്മ. വിയ്യാറയലിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ തങ്ങളുടെ 34ാമത്തെ ലീഗ് കിരീടം സ്വന്തമാക്കിയത്.
കൊവിഡ് ഭീതിക്ക് മുമ്പ് ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായ ശേഷം രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടില്ല. പരിക്ക് കാരണം പര്യടനത്തിനിടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിക്ക് ഭേദമായിട്ടും ഫിറ്റ്നസ് തെളിയിക്കാനോ ടീമിന്‍റെ ഭാഗമാകാനൊ രോഹിത് ശര്‍മക്ക് ഇതേവരെ സാധിച്ചിട്ടില്ല. നേരത്തെ മുംബൈയില്‍ തുറന്ന മൈതാനത്ത് പരിശീലനം നടത്തുന്ന ദൃശ്യം താരം തന്നെ ട്വീറ്റ് ചെയ്‌തിരുന്നു. അതേസമയം ഇന്ത്യന്‍ ടീം പരിശീലനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഇതേവരെ തീരുമാനം എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ബിസിസിഐയുടെ യോഗം ഇന്ന് നടക്കും.