ബെംഗളൂരു: സാഫ് കപ്പിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ടീം ഇന്ത്യ. നായകൻ സുനിൽ ഛേത്രി ഹാട്രികുമായി തിളങ്ങിയ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യ ചിരവൈരികളായ പാകിസ്ഥാനെ കീഴടക്കിയത്. ഇന്ത്യയുടെ നാലാം ഗോൾ ഉദാന്ത സിങ്ങിന്‍റെ വകയായിരുന്നു.
ഇന്‍റർ കോണ്ടിനന്‍റൽ കപ്പിൽ ജേതാക്കാളായെത്തിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് സ്വന്തം ആരാധകർക്ക് മുന്നിൽ പന്തുതട്ടിയത്. തുടക്കം മുതൽ ഇന്ത്യൻ മേധാവിത്വത്തിനാണ് ബെംഗളൂരു ശ്രീ കണ്ഡീരവ സ്റ്റേഡിയത്തിലെത്തിയ ആരാധകർ സാക്ഷിയായത്. സുനിൽ ഛേത്രിയ്ക്കൊപ്പം ചാങ്‌തെയും മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹലും അടക്കമുള്ള താരങ്ങൾ നിരന്തരം ഗോൾമുഖം ലക്ഷ്യമാക്കി കുതിച്ചെത്തിയതോടെ പാക് പ്രതിരോധം ആടിയുലഞ്ഞു.
പാക് താരങ്ങളിൽ നിരന്തരം സമ്മർദം ചെലുത്തിയ ഇന്ത്യ ആദ്യ 10 മിനിറ്റിനുള്ളിൽ തന്നെ ഛേത്രിയിലൂടെ ലീഡെടുത്തു. പാക് ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്താണ് ഇന്ത്യൻ നായകൻ വലകുലുക്കിയത്. ബോക്‌സ് വിട്ട് പുറത്തിറങ്ങിയ പാക് ഗോൾകീപ്പർക്ക് പന്ത് ക്ലിയര്‍ ചെയ്യുന്നതിൽ പിഴച്ചു. അനായാസം പന്ത് റാഞ്ചിയ ഛേത്രി ഗോൾകീപ്പറെ കാഴ്‌ചക്കാരനാക്കി ലക്ഷ്യം കാണുകയായിരുന്നു.
ആറ് മിനിറ്റുകൾക്ക് ശേഷം ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഛേത്രി ലീഡ് വർധിപ്പിച്ചു. അനിരുദ്ധ് ഥാപ്പയുടെ ഷോട്ട് പാക് താരത്തിന്‍റെ കയ്യിൽ തട്ടിയതിനായിരുന്നു റഫറി ഇന്ത്യക്ക് അനുകൂലമായ പെനാൽറ്റി വിധിച്ചത്. ഇതോടെ ആദ്യ 16 മിനിറ്റുകൾക്കകം തന്നെ ആതിഥേയർ രണ്ട് ഗോളുകളുടെ ലീഡ് നേടി.
തുടർന്നും പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ മുന്നേറ്റങ്ങളായിരുന്നു മൈതാനത്ത് കണ്ടത്. വിങ്ങുകളിലൂടെയും അല്ലാതെയും എത്തിയ ഗോൾ ശ്രമങ്ങൾ തടയുന്നതിൽ പാക് പ്രതിരോധം വലിയ വെല്ലുവിളി നേരിട്ടു. നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്‌മ ആദ്യ പകുതിയിൽ ഇന്ത്യയുടെ ലീഡ് രണ്ടിലൊതുക്കി. വാശിയേറിയ പോരാട്ടം ആയതിനാൽ ആദ്യ പകുതിയുടെ അധികസമയത്ത് മത്സരം കയ്യാങ്കളിയിലേക്കും നീങ്ങിയിരുന്നു. പാക് താരത്തിന്‍റെ കയ്യിൽ നിന്നും പന്ത് തട്ടിത്തെറിപ്പിച്ചതിന് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന് ചുവപ്പ് കാർഡ് ലഭിച്ചു.
രണ്ടാം പകുതിയിലും ഇന്ത്യ തന്നെയാണ് കളം നിറഞ്ഞുകളിച്ചത്. നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ മുന്നേറ്റ താരങ്ങള്‍ക്കായില്ല. 74-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിയ ഛേത്രി ഹാട്രിക് പൂർത്തിയാക്കി. ഇന്ത്യൻ ജഴ്‌സിയിൽ ഛേത്രിയുടെ 90-ാം ഗോളായിരുന്നു ഇത്. ആഷിഖ് കുരുണിയന് പകരം കളത്തിലെത്തിയ ഉദാന്ത സിങ് 81-ാം മിനിറ്റിൽ ഗോൾ നേടിയതോടെ ഇന്ത്യയുടെ ഗോൾ നേട്ടം നാലായി.
ഇതോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്തി. ഗ്രൂപ്പില്‍ ആദ്യം നടന്ന മത്സരത്തില്‍ കുവൈത്ത് നേപാളിനെ തോൽപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കുവൈത്തിന്‍റെ ജയം. ഖാലിദ് എല്‍ ഇബ്രാഹിം, ഷബീബ് അല്‍ ഖല്‍ദി, മുഹമ്മദ് അബ്‌ദുല്ല ദഹാം എന്നിവർ കുവൈത്തിനായ ഗോള്‍ നേടിയപ്പോൾ അന്‍ജന്‍ ബിസ്റ്റ നേപാളിന്‍റെ ആശ്വാസ ഗോള്‍ നേടി.
71 വർഷത്തെ റെക്കോഡ് ഇനി പഴങ്കഥ: പാകിസ്ഥാനെതിരായ മത്സരത്തിലും ഗോളൊന്നും വഴങ്ങാതിരുന്നതോടെ ഇന്ത്യ മറ്റൊരു റെക്കോഡ് കൂടെ മറികടന്നു. 71 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ തുടർച്ചയായി ഏഴ് മത്സരങ്ങളിൽ ക്ലിൻഷീറ്റ് നിലനിർത്തുന്നത്. 1952ലാണ് ഇന്ത്യ ആദ്യമായി തുടർച്ചായായി ഗോൾ വഴങ്ങാതിരുന്നത്. കഴിഞ്ഞ ദിവസം ഇന്‍റർ കോണ്ടിനന്‍റൽ കപ്പിൽ ലെബനനെ 2-0ന് തോൽപ്പിച്ച ഇന്ത്യ ഈ റെക്കോഡിന് ഒപ്പമെത്തിയിരുന്നു.