ഹെരാക്ലിയോൺ (ഗ്രീസ് ): ഐഡബ്ല്യുഎഫ് ജൂനിയർ വേൾഡ് വെയ്‌റ്റ് ലിഫ്‌റ്റിങ് ചാമ്പ്യൻഷിപ്പില്‍ ഹർഷദ ശരദ് ഗരുഡിന് ചരിത്ര നേട്ടം. ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഹർഷദ ഗരുഡ് സ്വന്തമാക്കിയത്. വനിതകളുടെ 45 കിലോഗ്രാം വിഭാഗത്തിൽ 153 കിലോഗ്രാം (70 കിലോ+83 കിലോഗ്രാം) ഉയർത്തിയാണ് ഹർഷദ ഒന്നാമതെത്തിയത്.
ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ 83 കിലോ ഉയര്‍ത്തിയ താരം സ്‌നാച്ചില്‍ 70 കിലോഗ്രാം ഭാരം ഉയര്‍ത്തിയാണ് സ്വര്‍ണം നേടിയത്. ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിൽ തുർക്കിയുടെ ബെക്‌താസ് കാൻസുവിന് (85 കിലോ) പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഹർഷദ. എന്നാല്‍ സ്‌നാച്ചില്‍ 65 കിലോഗ്രാം ഭാരം മാത്രം ഉയര്‍ത്താനാണ് തുര്‍ക്കി താരത്തിന് സാധിച്ചത്.