മ്യൂണിക്: പ്രീമിയർ ലീഗ് വിട്ട് ജർമനിയിലേക്ക് കൂടുമാറിയ ഇംഗ്ലീഷ് നായകൻ ഹാരി കെയ്‌ൻ ബുണ്ടസ്‌ലീഗയിലും ഗോളടിച്ചുകൂട്ടുകയാണ്. തുടർച്ചയായ ഹാട്രിക്കുകളുമായി ബയേൺ ആരാധകരുടെ മനസും എതിരാളികളുടെ ഗോൾവലയും നിറയ്‌ക്കുകയാണ് 30-കാരനായ മുന്നേറ്റതാരം. കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ ചിരവൈരികളായ ബൊറൂസിയ ഡോർട്‌മുണ്ടിന്‍റെ വലയിൽ മൂന്നുതവണ പന്തെത്തിച്ച കെയ്‌ൻ, ഡാംസ്റ്റാറ്റിനെ 8-0ന് തകർത്തുവിട്ട മത്സരത്തിൽ ഹാട്രിക് നേടിയിരുന്നു.
ഇതോടെ 15 ഗോളുകളുമായി ലീഗിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്താനുമായി. ബയേൺ ജഴ്‌സിയിൽ ഇതുവരെ മൂന്ന് ഹാട്രിക്കുകളാണ് നേടിയത്. അതോടൊപ്പം തന്നെ ബുണ്ടസ്‌ലീഗയിലെ ആദ്യ പത്ത് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരമായി ഹാരി കെയ്‌ൻ. 1963-64 സീസണിൽ ഷാൽക്കെയ്‌ക്കായി 13 ഗോളുകൾ നേടിയ ക്ലോസ് മാറ്റിഷാക്കിന്‍റെ റെക്കോഡാണ് മറികടന്നത്.
ബുണ്ടസ് ലീഗയിലെ ക്ലാസിക് പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്‌മുണ്ടിനെ നിലംപരിശാക്കിയത്. ഒമ്പതാം മിനിട്ടിൽ ആദ്യമായി ലക്ഷ്യം കണ്ട കെയ്‌ൻ രണ്ടാം പകുതിയിൽ നേടിയ ഇരട്ടഗോളിലൂടെയാണ് ഹാട്രിക് പൂർത്തിയാക്കിയത്. ഡാംസ്റ്റാറ്റിനെതിരെ ബയേൺ ഗോൾമഴ തീർത്ത മത്സരത്തിൽ, സ്വന്തം ഹാഫിൽ നിന്നുള്ള ഷോട്ടിലൂടെ നേടിയ ഗോളടയ്‌ക്കമാണ് ഹാട്രിക് സ്വന്തമാക്കിയത്. മത്സരത്തിന്‍റെ 69-ാം മിനിട്ടിലായിരുന്നു അലയൻസ് അരേന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ബവേറിയൻസ് ആരാധകരെ ത്രസിപ്പിച്ച ഗോൾപിറന്നത്. മൈതാന മധ്യത്ത് നിന്നും കെയ്‌ൻ തൊടുത്തുവിട്ട പന്ത് 60 മീറ്റർ അകലെ ഡാംസ്റ്റാറ്റ് വലയിൽ പറന്നിറങ്ങി.
കിരീടം തേടി ബയേണിലേക്ക്... ഈ സീസണിന്‍റെ തുടക്കത്തിൽ ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്നാണ് കെയ്‌ൻ ജർമൻ വമ്പൻമാരായ ബയേൺ മ്യൂണിക്കിനൊപ്പം ചേർന്നത്. 2004-ൽ ടോട്ടൻഹാം യൂത്ത് ടീമിനൊപ്പം ചേർന്ന ഹാരി കെയ്‌ൻ നീണ്ട 20 വർഷത്തെ കരിയറിന് ശേഷമാണ് ഇംഗ്ലീഷ് ക്ലബിനോട് വിടപറഞ്ഞത്. ഇക്കാലയളവിൽ അത്രയും സ്‌പേഴ്‌സിനൊപ്പം കിരീടം നേടാനായിരുന്നില്ലെങ്കിലും ഗോളടിയിൽ ഹാരി കെയ്‌ൻ ഒട്ടും പിറകിലായിരുന്നില്ല. പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാനുള്ള ഗോൾഡൻ ബൂട്ട് മൂന്ന് തവണ സ്വന്തമാക്കിയിരുന്നു.
അതിൽ തന്നെ സ്‌പേഴ്‌സിനൊപ്പമുള്ള അവസാന സീസണും താരത്തിന്‍റെ വ്യക്തിഗത മികവ് ഉയർത്തിപ്പിടിക്കുന്നതാണ്. പ്രീമിയർ ലീഗിൽ ടോട്ടനത്തിന്‍റെ ദയനീയ പ്രകടനത്തിനിടയിലും 30 ഗോളുകളാണ് താരം സ്വന്തമാക്കിയത് എന്നത് ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിലേക്കുള്ള വരവിലെ ആദ്യ സീസണിൽ തന്നെ ഗോൾവേട്ടയിലെ നിരവധി റെക്കോഡുകൾ സ്വന്തം പേരിലാക്കിയതോടെ ആരും ശ്രദ്ധിക്കാതെ പോയ പ്രകടനമായിരുന്നു ഇംഗ്ലീഷ് നായകൻ പുറത്തെടുത്ത്. വ്യക്തിഗത പ്രകടനത്തിന്‍റെ മികവിൽ അടിസ്ഥാനത്തിൽ ഏറെ മുൻപന്തിയിലായിരുന്നു താരത്തിന്‍റെ പ്രകടനം.
ബയേൺ മ്യൂണിക്കിനായി 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഹാരി കെയ്‌ൻ 17 ഗോളുകളാണ് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. ഏഴ് ഗോളുകൾക്ക് അവസരമൊരുക്കുകയും ചെയ്‌തിട്ടുണ്ട്. ടോട്ടൻഹാമിനെക്കാൾ സംഘടിതമായ ബയേണിനൊപ്പം കളിക്കുന്നത് ഹാരി കെയ്‌നിന് കൂടുതൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിലെ ഫോം തുടരാനായാൽ ബുന്ദസ് ലീഗയിൽ ഒരു സീസണിൽ ഏറ്റവും മികച്ച ഗോൾവേട്ടക്കാരന്‍റെ റെക്കോഡും മറികടന്നേക്കാം. 2020-21 ബുണ്ടസ്‌ലിഗ സീസണിൽ 41 ഗോളുകൾ നേടിയ റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പേരിലാണ് ഈ റെക്കോർഡ്.