ബെര്‍ലിന്‍: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നെ (Harry Kane) റാഞ്ചി ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക് (Bayern Munich). ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്‌സ്‌പയറില്‍ നിന്നുമാണ് 30-കാരനായ ഹാരി കെയ്‌നെ ബയേണ്‍ മ്യൂണിക് സ്വന്തമാക്കിയത്. ടോട്ടനവുമായി ഒരുവര്‍ഷ കരാര്‍ ബാക്കി നില്‍ക്കെയാണ് ബുണ്ടസ് ലിഗയിലെ റെക്കോഡ് തുകയായ 100 മില്യണ്‍ യൂറോ (ഏകദേശം 910 കോടി രൂപ) മുടക്കിയത്.
നാല് വര്‍ഷത്തേക്കാണ് കരാര്‍. ബയേണ്‍ മ്യൂണിക്കിനൊപ്പം ചേരുന്നതില്‍ താന്‍ അതീവ സന്തോഷവാനാണെന്ന് ക്ലബ് പുറത്തുവിട്ട പ്രസ്‌താനയില്‍ ഹാരി കെയ്‌ന്‍ പ്രതികരിച്ചു. "ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളില്‍ ഒന്നാണ് ബയേണ്‍ മ്യൂണിക്. കരിയറില്‍ എപ്പോഴും ഉയർന്ന തലത്തിൽ മത്സരിക്കാനും സ്വയം തെളിയിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. വിജയിക്കാനുള്ള ത്വരയാണ് ഈ ക്ലബിനെ നിർവചിച്ചിരിക്കുന്നത്. ടീമിനൊപ്പമുള്ള യാത്ര മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു." ഹാരി കെയ്‌ന്‍ പറഞ്ഞു.
സെനഗല്‍ താരം സാദിയോ മാനെ സൗദി പ്രോ ലീഗിലേക്ക് ചേക്കേറിയതിന് പിന്നാലെയായിരുന്നു ബയേണ്‍ ഇംഗ്ലീഷ് നായക് പിന്നാലെ കൂടിയത്. കഴിഞ്ഞ സീസണിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി സ്‌പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണയിലേക്ക് മാറിയതോടെ ബയേണിന്‍റെ മുന്നേറ്റ നിരയുടെ കരുത്ത് കുറഞ്ഞിരുന്നു. തല്‍സ്ഥാനത്തേക്ക് കെയ്‌ന്‍ എത്തുന്നതോട ടീമിന്‍റെ ശക്തി വര്‍ധിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍.
സ്പർസിനായി 435 മത്സരങ്ങളിൽ നിന്ന് 280 ഗോളുകളാണ് ഹാരി കെയ്‌ന്‍ നേടിയിട്ടുള്ളത്. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എക്കാലത്തേയും ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാനും കെയ്‌ന് കഴിഞ്ഞിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ 58 ഗോളുകളാണ് താരം അടിച്ച് കൂട്ടിയിട്ടുള്ളത്. ഇതോടെ ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോററായും ഹാരി കെയ്‌ന്‍ മാറി.