കറാച്ചി : ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയിൽ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ജഴ്‌സി താന്‍ ചോദിച്ച് വാങ്ങിയതാണെന്ന് വെളിപ്പെടുത്തി പാക് പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യയുടെ ജഴ്‌സി വേണ്ടെന്ന് പറഞ്ഞിരുന്നതായും റൗഫ് വ്യക്തമാക്കി. ഒരു സ്പോർട്‌സ് പോഡ്‌കാസ്റ്റിലാണ് പാക് താരം 2021ലെ ടി20 ലോകകപ്പിനിടെയുണ്ടായ സംഭവങ്ങള്‍ ഓര്‍ത്തെടുത്തത്.
‘കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഞാൻ എംഎസ് ധോണിയെ കണ്ടു. അദ്ദേഹത്തിന്‍റെ ജഴ്‌സികളിലൊന്ന് എനിക്ക് തരാമോയെന്ന് ചോദിച്ചു. പക്ഷേ ഇന്ത്യൻ ടീമിന്‍റെ ജഴ്‌സി വേണ്ടെന്നും ചെന്നൈ സൂപ്പർ കിങ്സിന്‍റേത് മതിയെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. ജഴ്‌സി അയച്ചുതരാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്‌തു.അവസാനം ഞാൻ ഓസ്ട്രേലിയയിലുള്ളപ്പോഴാണ് അതെനിക്ക് ലഭിച്ചത്'- ഹാരിസ് റൗഫ് പറഞ്ഞു.
പാകിസ്ഥാനായി അരങ്ങേറ്റം നടത്തുന്നതിന് മുന്‍പ് 2018/19 കാലത്ത് ഇന്ത്യയുടെ നെറ്റ് ബോളറാകാൻ തനിക്ക് അവസരം ലഭിച്ചതായും റൗഫ് കൂട്ടിച്ചേര്‍ത്തു. ‘ഓസ്ട്രേലിയയിൽ ഇന്ത്യൻ താരങ്ങൾക്കെതിരെ നെറ്റ്സില്‍ പന്തെറിയാൻ മാനേജ്‌മന്‍റിന് ബോളർമാരെ ആവശ്യമായിരുന്നു.
രാജ്യാന്തര താരങ്ങൾക്കെതിരെ പന്തെറിയുന്നത് വലിയ ഒരു അവസരമായി എനിക്കുതോന്നി. ചേതേശ്വർ പൂജാര, വിരാട് കോലി എന്നിവർക്കടക്കമാണ് ഞാന്‍ പന്തെറിഞ്ഞത്. എനിക്കൊപ്പം പന്തെറിയാൻ ഹാർദിക് പാണ്ഡ്യയുമുണ്ടായിരുന്നു.
വൈകാതെ തന്നെ ഞാന്‍ പാകിസ്ഥാൻ ദേശീയ ടീമിന് വേണ്ടി കളിക്കുമെന്ന് ഹാർദിക് പറയുകയും ചെയ്‌തു’- ഹാരിസ് റൗഫ് പറഞ്ഞു നിര്‍ത്തി. ഈ വര്‍ഷം ജനുവരിയില്‍ ധോണിയില്‍ നിന്ന് തനിക്ക് ജഴ്‌സി ലഭിച്ചതായി റൗഫ് ട്വീറ്റ് ചെയ്‌തിരുന്നു. അതേസമയം 2021ലെ ടി20 ലോകകപ്പ് ടീമിന്‍റെ മുഖ്യ ഉപദേശകനായാണ് ധോണി യുഎയിലെത്തിയിരുന്നത്.