ഉദയ്‌പൂർ: വാലന്‍റൈൻസ് ദിനത്തിൽ വീണ്ടും വിവാഹിതരായി ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടിയും മോഡലുമായ ഭാര്യ നടാഷ സ്റ്റാൻകോവിച്ചും. രണ്ട് വയസുള്ള മകൻ അഗസ്‌ത്യ പണ്ഡ്യയെ സാക്ഷിയാക്കിയായിരുന്നു ഇരുവരുടെയും വിവാഹം. ഉദയ്‌പൂരിൽ നടന്ന ആഢംബര വിവാഹത്തിൽ പങ്കെടുക്കാനായി ക്രിക്കറ്റ്, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ സെലിബ്രറ്റികളുടെ നിര തന്നെ എത്തിയിരുന്നു.
'മൂന്ന് വർഷം മുമ്പ് ഞങ്ങൾ എടുത്ത പ്രതിജ്ഞകൾ പുതുക്കി സ്നേഹത്തിന്‍റെ ഈ ദ്വീപിൽ ഞങ്ങൾ വാലന്‍റൈൻസ് ദിനം ആഘോഷിച്ചു. ഞങ്ങളുടെ പ്രണയം ആഘോഷിക്കാൻ കുടുംബവും സുഹൃത്തുക്കളും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനാൽ ഞങ്ങൾ ശരിക്കും അനുഗ്രഹിക്കപ്പെട്ടവരാണ്.' വിവാഹ ചിത്രങ്ങളോടൊപ്പം ഹാർദിക് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദീർഘകാലത്തെ പ്രണയത്തിനൊടുവിൽ 2020 മെയ് 31നാണ് ദമ്പതികൾ കോടതിയിൽ വച്ച് വിവാഹതരായത്. കൊവിഡ് കാലമായതിനാൽ അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. അതിനാൽ തന്നെ ആഘോഷത്തോടെ വലിയ രീതിയിൽ വിവാഹം കഴിക്കണമെന്ന ഹാർദികിന്‍റെയും നടാഷയുടെ ആഗ്രഹപ്രകാരമാണ് ഇപ്പോൾ വീണ്ടും വിവാഹം നടത്തിയത്.
ഹാർദികിന്‍റെ സഹോദരൻ ക്രുണാൽ പണ്ഡ്യ, അടുത്ത സുഹൃത്തും ഇന്ത്യൻ താരവുമായ ഇഷാൻ കിഷൻ എന്നിവരുടെ നേതൃത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചടങ്ങുകൾക്കായി ഇരുവരും ഞായറാഴ്‌ച തന്നെ ഉദയ്‌പൂരിൽ എത്തിയിരുന്നു. വിവാഹത്തിന്‍റെ ഭാഗമായി തിങ്കളാഴ്‌ച മെഹന്തി ചടങ്ങും, ചൊവ്വാഴ്‌ച ഹൽദി സംഗീത് തുടങ്ങിയ പരിപാടികളും നടന്നു.
ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി, ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശർമ്മ, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനായി ഉദയ്‌പൂരിൽ എത്തിയിരുന്നു. തിങ്കളാഴ്‌ച തുടങ്ങിയ വിവാഹ ആഘോഷങ്ങൾ 15ന് അവസാനിക്കും.