മാഞ്ചസ്റ്റർ : എർലിങ് ഹാലണ്ടിന്‍റെ ഗോളടി മികവിൽ മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ. സ്വന്തം മൈതാനമായ എത്തിഹാദിൽ നടന്ന മത്സരത്തിൽ ആർ ബി ലെയ്‌പ്‌സിഗിനെ എതിരില്ലാത്ത 7 ഗോളുകൾക്ക് കീഴടക്കിയ സിറ്റി ഇരുപാദങ്ങളിലുമായി 8-1 എന്ന സ്‌കോറിനാണ് ജയിച്ചുകയറിയത്. മിന്നും ഫോമിൽ കളിക്കുന്ന എർലിങ് ഹാലണ്ട് 5 ഗോളുകളുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇകായി ഗുണ്ട്വോന്‍, കെവിൻ ഡി ബ്രൂയിൻ എന്നിവർ സിറ്റിക്കായി ഗോൾ പട്ടിക തികച്ചു.
എത്തിഹാദിൽ നിറഞ്ഞുനിന്നത് ഹാലണ്ട് തന്നെയായിരുന്നു. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് സ്വന്തമാക്കിയ ഗോൾ മെഷീൻ രണ്ടാം പകുതിയിലാണ് നേട്ടം അഞ്ചാക്കി ഉയർത്തിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ ഒരു മത്സരത്തിൽ 5 ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഒരുപക്ഷേ മത്സരത്തിന്‍റെ മുഴുവൻ സമയവും കളത്തിലുണ്ടായിരുന്നെങ്കിൽ ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ എന്ന നേട്ടവും താരം സ്വന്തം പേരിൽ കുറിക്കുമായിരുന്നു. 63-ാം മിനിട്ടിൽ ഹാലണ്ടിനെ പിൻവലിച്ച് ജൂലിയൻ അൽവാരസിനെ കളത്തിലിറക്കുകയായിരുന്നു പരിശീലകൻ പെപ് ഗ്വാർഡിയോള.
മത്സരത്തിന്‍റെ 22-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് നോർവീജിയൻ സ്‌ട്രൈക്കർ ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ടത്. ബെഞ്ചമിൻ ഹെൻഡ്രിക്‌സിന്‍റെ ഹാൻഡ് ബോളിനാണ് റഫറി സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. തുടര്‍ന്ന് രണ്ട് മിനിട്ടുകൾക്കകം ഗോൾ നേട്ടം ഇരട്ടിയാക്കി. കെവിൻ ഡി ബ്രൂയിന്‍റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി വന്ന റീബൗണ്ടിൽ നിന്നും ഹെഡറിലൂടെയാണ് എർലിങ് ഹാലണ്ട് ലക്ഷ്യം കണ്ടത്.