കേരളം

kerala

By

Published : Feb 26, 2023, 12:07 PM IST

ETV Bharat / sports

മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'ഗോള്‍ മെഷീന്‍'; സെര്‍ജിയോ അഗ്യൂറോയുടെ റെക്കോഡ് തകര്‍ത്ത് എര്‍ലിങ് ഹാലന്‍ഡ്

സെര്‍ജിയോ അഗ്യൂറോ 2014-15 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 26 ഗോളുകള്‍ നേടിയിരുന്നു. 33 മത്സരങ്ങളില്‍ നിന്നാണ് അഗ്യൂറോ ഇത്രയും ഗോള്‍ അടിച്ചു കൂട്ടിയത്. ഈ റെക്കോഡാണ് സീസണില്‍ കളിച്ച 24 മത്സരങ്ങളില്‍ നിന്നും ഹാലന്‍ഡ് മറികടന്നത്.

haaland  sergio aguero  haaland breaks sergio aguero record  single season goals record for man city  man city  premier league  erling haaland record  മാഞ്ചസ്റ്റര്‍ സിറ്റി  സെര്‍ജിയോ അഗ്യൂറോയുടെ റെക്കോഡ് തകര്‍ത്ത് ഹാലന്‍ഡ്  എര്‍ലിങ് ഹാലന്‍ഡ്  സെര്‍ജിയോ അഗ്യൂറോ  മാഞ്ചസ്റ്റര്‍ സിറ്റി  പ്രീമിയര്‍ ലീഗ്
Haaland

ലണ്ടന്‍:പ്രീമിയര്‍ ലീഗ് 2022-23 സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ 25-ാം മത്സരം. എതിരാളികള്‍ പോയിന്‍റ് പട്ടികയിലെ 19-ാം സ്ഥാനക്കാരായ ബോണ്‍മൗത്ത്. കിരീട പോരാട്ടത്തില്‍ ആഴ്‌സണലിന് വെല്ലുവിളി ഉയര്‍ത്താന്‍ സിറ്റിക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമായിരുന്നു.

അതിന് വേണ്ട ആക്രമണങ്ങളാണ് വൈറ്റാലിറ്റി സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുഴങ്ങിയപ്പോള്‍ മുതല്‍ പെപ്പ് ഗാര്‍ഡിയോളയുടെ ശിഷ്യന്മാര്‍ നടത്തിക്കൊണ്ടിരുന്നത്. അരമണിക്കൂര്‍ പിന്നിടും മുന്‍പ് തന്നെ സിറ്റി മത്സരത്തില്‍ ആതിഥേയര്‍ക്കെതിരെ രണ്ട് ഗോളിന്‍റെ ലീഡ് പിടിച്ചു.

ജൂലിയന്‍ അല്‍വാരസ്, എര്‍ലിങ് ഹാലന്‍ഡ് എന്നീ രണ്ട് യുവപ്രതിഭകളാണ് സിറ്റിക്കായി ആദ്യ രണ്ട് ഗോളും സ്‌കോര്‍ ചെയ്‌തത്. മത്സരത്തിന്‍റെ 15-ാം മിനിട്ടില്‍ അല്‍വാരസ് പന്ത് ബോണ്‍മൗത്തിന്‍റെ വലയിലെത്തിച്ചപ്പോള്‍ 29-ാം മിനിട്ടിലാണ് ഹാലന്‍ഡ് ലക്ഷ്യം കണ്ടത്. ഇടം കാലുകൊണ്ട് ഹാലന്‍ഡ് ബോണ്‍മൗത്തിന്‍റെ വലയിലെത്തിച്ച ഈ ഗോള്‍ ഒരു റെക്കോഡ് പുസ്‌തകത്തിലേക്ക് കൂടിയാണ് ഇടം പിടിച്ചത്.

പ്രീമിയര്‍ ലീഗ് സീസണില്‍ ഹാലന്‍ഡ് സ്വന്തമാക്കുന്ന 27-ാം ഗോള്‍ ആയിരുന്നു ഇത്. ഇതോടെ ഒരു സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ഹാലന്‍ഡ് തന്‍റെ പേരിലാക്കിയത്. ക്ലബ്ബ് ഇതിഹാസം സെര്‍ജിയോ അഗ്യൂറോ 2014-15 സീസണില്‍ സ്ഥാപിച്ച റെക്കോഡാണ് ബോണ്‍മൗത്തിനെതിരായ മത്സരത്തോടെ ഹാലന്‍ഡ് പഴങ്കഥയാക്കിയത്.

33 മത്സരങ്ങളില്‍ നിന്നായിരുന്നു അഗ്യൂറോ അന്ന് 26 ഗോളുകള്‍ അടിച്ചുകൂട്ടിയത്. എന്നാല്‍ ഈ സീസണില്‍ കളിച്ച 24 മത്സരങ്ങളില്‍ നിന്നാണ് ഹാലന്‍ഡ് ഈ റെക്കോഡ് മറികടന്നത്. സീസണില്‍ മൂന്ന് ഹാട്രിക്കും ഹാലന്‍ഡ് ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

പ്രീമിയര്‍ ലീഗ് ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോഡ് നിലവില്‍ ലിവര്‍പൂളിന്‍റെ സൂപ്പര്‍ താരം മൊഹമ്മദ് സാലയുടെ പേരിലാണ്. 32 ഗോളാണ് സാല ഒരു സീസണില്‍ നിന്നും നേടിയത്. 2017-18 സീസണിലായിരുന്നു ഈജിപ്‌ഷ്യന്‍ സൂപ്പര്‍താരം ഈ റെക്കോഡ് സ്വന്തമാക്കിയത്.

ഈ സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയിലും ഹാലന്‍ഡ് തന്നെയാണ് മുന്നില്‍. ഈ പട്ടികയില്‍ ടോട്ടന്‍ഹാം സൂപ്പര്‍ താരം ഹാരി കെയ്‌ന്‍ ആണ് രണ്ടാം സ്ഥാനത്ത്. 24 മത്സരം കളിച്ച ഹാരി കെയ്‌ന്‍ 17 ഗോളാണ് ഇതുവരെ നേടിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷമാണ് എര്‍ലിങ് ഹാലന്‍ഡിനെ ജര്‍മ്മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടില്‍ നിന്നും മാഞ്ചസ്റ്റര്‍ സിറ്റി റാഞ്ചിയത്. സെര്‍ജിയോ അഗ്യൂറോയ്‌ക്ക് പകരക്കാരനായാണ് ടീം നോര്‍വീജിയന്‍ യുവതാരത്തെ ടീമിലെത്തിച്ചത്. അഞ്ച് വര്‍ഷത്തെ കരാറാണ് താരത്തിന് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ളത്.

അതേസമയം, പ്രീമിയര്‍ ലീഗില്‍ ബോണ്‍മൗത്തിനെതിരായ മത്സരം 4-1നാണ് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചത്. ഈ ജയത്തോടെ ടീമിന് ലീഗില്‍ 25 മത്സരങ്ങളില്‍ നിന്നും 55 പോയിന്‍റായി. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആഴ്‌സണലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് സിറ്റി. സിറ്റിയേക്കള്‍ ഒരു മത്സരം കുറവ് കളിച്ച ആഴ്‌സണലിന് 57 പോയിന്‍റാണ് ഉള്ളത്.

ABOUT THE AUTHOR

...view details