ബ്രസല്‍സ് :തോക്കുധാരിയായ അജ്ഞാതന്‍റെ വെടിയേറ്റ് രണ്ട് സ്വീഡിഷ് പൗരന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ യുവേഫ യൂറോ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറില്‍ (UEFA EURO Qualifier) ബെല്‍ജിയം സ്വീഡന്‍ (Belgium vs Sweden Football Match Abandoned) ടീമുകള്‍ തമ്മിലേറ്റുമുട്ടിയ മത്സരം ഉപേക്ഷിച്ചു. സുരക്ഷാപ്രശ്‌നങ്ങളാലാണ് മത്സരം ഉപേക്ഷിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ബെല്‍ജിയം, സ്വീഡന്‍ ടീമുകള്‍ ഏറ്റുമുട്ടിയ മത്സരം നടന്ന വേദിക്ക് അഞ്ച് കിലോമീറ്റര്‍ അകലെയായിരുന്നു അജ്ഞാതന്‍റെ ആക്രമണം ഉണ്ടായത്.
35,000ത്തോളം ആരാധകര്‍ ബെല്‍ജിയം സ്വീഡന്‍ മത്സരം കാണുന്നതിനായി ബ്രസല്‍സിലെ കിങ് ബൗഡോയിൻ സ്റ്റേഡിയത്തിലേക്ക് (King Baudouin Stadium) എത്തിയിരുന്നെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മത്സരത്തിന്‍റെ കിക്കോഫിന് മുന്‍പായിരുന്നു സ്റ്റേഡിയത്തിന് പുറത്ത് ബെല്‍ജിയം തലസ്ഥാന നഗരിയില്‍ അജ്ഞാതന്‍റെ ആക്രമണമുണ്ടായത്. ഈ സാഹചര്യത്തില്‍ മത്സരം ഉപേക്ഷിച്ച ശേഷം അരാധകരെ അരമണിക്കൂറോളം നേരം സ്റ്റേഡിയത്തിനുള്ളില്‍ നിര്‍ത്തിയ ശേഷമായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത് (Gunman Kills Two Swedes In Brussels).
സംഭവത്തിന് പിന്നില്‍ തീവ്രവാദ ശക്തികളുടെ പിന്തുണയുണ്ടോ എന്നുള്ള കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് ഫെഡറൽ പ്രോസിക്യൂട്ടർ ഓഫീസ് വക്താവ് എറിക് വാൻ ഡൂയ്‌സ് (Eric Van Duyse) അറിയിച്ചു. അക്രമിക്ക് ഐഎസ് ബന്ധം ഉണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംഭവത്തിന് ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷവുമായി യാതൊരു ബന്ധവും ഇല്ലെന്നുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബെല്‍ജിയം സ്വീഡന്‍ മത്സരത്തിന്‍റെ കിക്കോഫിന് പത്ത് മിനിട്ടുമുന്‍പ് തന്നെ നഗരത്തില്‍ ഗുരുതരമായ എന്തോ സംഭവിച്ചുവെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ബെൽജിയൻ സോക്കർ യൂണിയൻ സിഇഒ മനു ലെറോയ് (Manu Leroy) പറഞ്ഞു. സുരക്ഷിതമായ സ്ഥലം സ്റ്റേഡിയമായതുകൊണ്ടാണ് മത്സരം മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നത്. ആരാധകരുടെയും താരങ്ങളുടെയും സുരക്ഷ മുന്നില്‍ കണ്ടായിരുന്നു ആ തീരുമാനം.