കൊൽക്കത്ത : എ എഫ് സി കപ്പിൽ അരങ്ങേറ്റം നടത്തിയ ഗോകുലം കേരള ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐ എസ് എൽ ക്ലബ്ബായ മോഹൻ ബഗാനെ തകർത്തെറിഞ്ഞു. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്കാണ് മോഹൻ ബഗാനെ ഗോകുലം തോൽപ്പിച്ചത്. തുടർച്ചയായ ഐ-ലീഗ് വിജയത്തിന്‍റെ ആവേശത്തിലെത്തിയ ഗോകുലം ബഗാനേക്കാൾ ഒതുക്കമുള്ളതും സാങ്കേതികവുമായ പ്രകടനമാണ് പുറത്തെടുത്തത്.
ഗോളൊഴിഞ്ഞുനിന്ന ആദ്യ പകുതിയില്‍ നിന്നും രണ്ടാം പകുതിയില്‍ ഗോളടിയുടെ പൂരമായിരുന്നു. ഇരു ടീമുകളും പ്രതിരോധം വിട്ട് ആക്രമിച്ചുകളിച്ച രണ്ടാം പകുതിയിലാണ് മത്സരത്തിലെ മുഴുവന്‍ ഗോളുകളും പിറന്നത്. ഇരട്ട ഗോളോടെ ലൂക്ക മെയ്‌സനും ഓരോ ഗോൾ വീതം നേടിയ റിഷാദും ജിതിൻ സുബ്രനുമാണ് കളി കേരളത്തിന്‍റെ വരുതിയിയിലാക്കിയത്.
50-ാം മിനിറ്റിൽ താഹിർ സമാൻ നൽകിയ പാസിൽ നിന്ന് ലൂക്ക ഗോകുലത്തെ മുന്നിലെത്തിച്ചു. ഗോകുലത്തിന്റെ ലീഡ് അധിക സമയം നീണ്ടു നിന്നില്ല. 52-ാം മിനിറ്റിൽ മിനുട്ടിൽ തന്നെ എ ടി കെ സമനില കണ്ടെത്തി. സെറ്റ് പീസിൽ നിന്ന് പ്രിതം കോടാലാണ് മോഹൻ ബഗാനെ ഒപ്പമെത്തിച്ചത്.