കോഴിക്കോട് : പുതിയ സീസണിന് മുന്നോടിയായി ഗോകുലം കേരള പുരുഷ ടീമിന്‍റെ പരിശീലകനായി റിച്ചാർഡ് ടോവ സ്ഥാനമേറ്റു. മുൻ കാമറൂൺ ദേശീയ താരവും കാമറൂൺ യൂത്ത് ടീമിന്‍റെ മുഖ്യ പരിശീലകനുമാണ് റിച്ചാർഡ്. അവസാന രണ്ടുസീസണായി ടീമിനൊപ്പം ഉണ്ടായിരുന്ന ഇറ്റാലിയൻ കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെ സ്ഥാനമൊഴിഞ്ഞതോടെയാണ് ഗോകുലം പുതിയ പരിശീലകനെ ചുമതലയേൽപ്പിച്ചത്.
കാമറൂണിയൻ താരം റിച്ചാർഡ് ടോവ ; ഗോകുലം കേരളയെ കളി പഠിപ്പിക്കാൻ പുതിയ പരിശീലകൻ - ഗോകുലം കേരളയെ കളി പഠിപ്പിക്കാൻ പുതിയ പരിശീലകൻ
അവസാന രണ്ടുസീസണിലും ഗോകുലത്തെ ഐ ലീഗ് ചാമ്പ്യന്മാരാക്കിയ അന്നീസെയുടെ വിജയ തന്ത്രം ആവർത്തിക്കുക എന്നതാകും റിച്ചാർഡിന്‍റെ മുന്നിൽ ഉള്ള ആദ്യ വെല്ലുവിളി
കാമറൂൺ ദേശീയ ടീമിനായി 13 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ജർമൻ രണ്ടാം ഡിവിഷൻ ക്ലബ്ബുകളിൽ കളിച്ച റിച്ചാർഡ്, ജർമൻ പൗരത്വം സ്വീകരിച്ച ശേഷം ജർമനിയിൽ നിന്നുമാണ് യുവേഫ പ്രൊ ലൈസൻസ് സ്വന്തമാക്കിയത്. ജർമനിയിൽ വിവിധ യൂത്ത് ടീമുകളിൽ സേവനം അനുഷ്‌ഠിച്ച റിച്ചാർഡ്, കാമറൂൺ അണ്ടർ 17, അണ്ടർ 23 ടീമുകളുടെ മുഖ്യ പരിശീലകൻ ആയിരുന്നു. കാമറൂൺ സീനിയർ ടീമിൽ ടെക്‌നിക്കൽ സ്റ്റാഫായും പ്രവർത്തിച്ചിട്ടുണ്ട്.
'ഗോകുലത്തിൽ വളരെയധികം പ്രതീക്ഷയോടെയാണ് വരുന്നത്. രണ്ട് ലീഗ് നേടിയ ഗോകുലത്തിനോടൊപ്പം ഇനിയും വിജയങ്ങൾ നേടുകയാണ് ലക്ഷ്യം' - റിച്ചാർഡ് പറഞ്ഞു. 'പുതിയ കളിക്കാരെ കണ്ടെത്തുന്നതിലും വളർത്തിയെടുക്കുന്നതിലും റിച്ചാർഡ് പ്രഗത്ഭനാണ്. പുതിയ താരങ്ങൾക്ക് അവസരങ്ങൾ നൽകി കിരീടങ്ങൾ സ്വന്തമാക്കാൻ റിച്ചാർഡിന്‍റെ തന്ത്രങ്ങൾക്ക് സാധിക്കുമെന്നും ഗോകുലം കേരള പ്രസിഡന്‍റ് വി.സി പ്രവീൺ പറഞ്ഞു.