ഭൂവനേശ്വര്‍ :ഇന്ത്യന്‍ വനിത ലീഗിൽ ഗോകുലം കേരളയ്ക്ക് കിരീടം. പുരുഷൻമാർക്ക് പിന്നാലെ വനിത ലീഗിലും കിരീടം നിലനിർത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം 'മലബാറിയൻസ്'. ലീഗിലെ 11 മത്സരത്തിലും ജയം സ്വന്തമാക്കിയാണ് ഗോകുലം വനിതകൾ കിരീടം ഉയർത്തിയത്.
ഇന്ന് സേതു എഫ് സിയെ നേരിടുമ്പോൾ ഒരു സമനില മതിയായിരുന്നു ഗോകുലം കേരളക്ക് കിരീടം ഉറപ്പിക്കാൻ. ആക്രമിച്ച് കളിച്ച ഗോകുലം കേരള 3-1ന്‍റെ വിജയം സ്വന്തമാക്കി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ഗോകുലത്തിന്‍റെ വിജയം.
മത്സരം ആരംഭിച്ച് മൂന്നാം മിനിറ്റിൽ തന്നെ സേതു എഫ് സി ഗോകുലത്തെ ഞെട്ടിച്ചു. രേണു റാണിയുടെ ഹെഡറിലൂടെയാണ് അവർ മുന്നിലെത്തിയത്. പത്ത് മിനിറ്റുകൾക്കകം ഗോകുലം സമനില കണ്ടെത്തി. 12-ാം മിനിറ്റിൽ എൽ ഷദായിയെ വീഴ്ത്തിയതിന് കിട്ടിയ പെനാൽറ്റി ആശാലത ദേവി ലക്ഷ്യത്തിൽ എത്തിച്ചു.
33-ാം മിനിറ്റിൽ മനീഷയുടെ പാസിൽ നിന്ന് എൽ ഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. എൽ ഷദായിയുടെ ലീഗിലെ ഇരുപതാം ഗോളായിരുന്നുവിത്. പിന്നാലെ 40-ാം മിനിറ്റിൽ മനീഷ കല്യാണും ഗോൾ നേടിയതോടെ ഗോകുലം ആത്മവിശ്വാസത്തിലായി, രണ്ടാം പകുതിയിൽ 3-1ന്റെ ലീഡ് നിലനിർത്തിയ ഗോകുലം കേരള വിജയം ഉറപ്പിച്ചു.
11 മത്സരത്തില്‍ നിന്നായി 33 പോയിന്‍റുമായാണ് ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്‌തത്. 30 പോയിന്‍റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്‌തു. 11 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ അടിച്ച ഗോകുലം 4 ഗോൾ മാത്രമാണ് വഴങ്ങിയത്. ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യൻ വനിത ലീഗ് കിരീടമാണ്.
ഈ കിരീട നേട്ടത്തോടെ അടുത്ത എ. എഫ്. സി ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലത്തിനാകും. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ കുതിപ്പിനും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ കിരീട നേട്ടത്തിനും പിന്നാലെ പുരുഷ - വനിത ഐ ലീഗില്‍ ഗോകുലം കൂടെ കിരീടം സ്വന്തമാക്കിയതോടെ കേരളം വീണ്ടും ഇന്ത്യന്‍ ഫുട്ബോളിന്‍റെ തലസ്ഥാനമാവുകയാണ്.