റോം: യുവന്‍റസിനായുള്ള തന്‍റെ അവസാന ഹോം മത്സരത്തിന് പിന്നാലെ ആരാധകരോട് നന്ദി പറഞ്ഞ് നായകന്‍ ജോർജിയോ ചില്ലിനി. ഈ സീസണോട് കൂടി യുവന്‍റസുമായുള്ള 17 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുമെന്ന് 37കാരനായ ചില്ലിനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ലാസിയോയ്‌ക്കെതിരായ മത്സരത്തിന്‍റെ 17-ാം മിനിട്ടിലാണ് താരത്തിന് ആരാധകരോട് നന്ദി പറയാന്‍ ക്ലബ് അവസരമൊരുക്കിയത്. 17 വര്‍ഷം നീണ്ട കരിയറിനോടുള്ള ആദരസൂചകമായാണിത്. മത്സരത്തിന് മുന്നോടിയായ താരത്തിന്‍റെ മൂന്നാം നമ്പര്‍ ജേഴ്‌സ് സ്റ്റേഡിയത്തിലെ കൂറ്റന്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 'ഒരേയൊരു നായകന്‍ മാത്രം' എന്നാണ് ആരാധകര്‍ ആര്‍പ്പുവിളിച്ചത്.
അതേസമയം ഞായറാഴ്‌ച ഫിയോറന്‍റിനയ്‌ക്കെതിരായാണ് താരം അവസാനമായി യുവന്‍റസിന്‍റെ കുപ്പായത്തിലിറങ്ങുക. 2005ൽ ഫിയോറന്‍റീനയിൽ നിന്നും യുവന്‍റസിലേക്കെത്തിയ താരം ക്ലബിനൊപ്പം ഒമ്പത് സീരി എ കിരീടങ്ങളും അഞ്ച് തവണ വീതം ഇറ്റാലിയന്‍ കപ്പും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പും നേടിയിട്ടുണ്ട്.