കേരളം

kerala

ETV Bharat / sports

ഫിഫ പ്രസിഡന്‍റായി വീണ്ടും ജിയാനി ഇൻഫാന്‍റിനോ; മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ - ഫിഫ ലോകകപ്പ് 2026

2027 വരെയാണ് ജിയാനി ഇൻഫാന്‍റിനോയുടെ കാലാവധി.

FIFA  ഫിഫ  ജിയാനി ഇന്‍ഫാന്‍റിനോ  Gianni Infantino  Gianni Infantino re elected FIFA president  ഫിഫയുടെ പ്രസിഡന്‍റായി ജിയാനി ഇന്‍ഫാന്‍റിനോ  ഫിഫ ലോകകപ്പ്  ഫിഫ ലോകകപ്പ് 2026  ഫിഫ പ്രസിഡന്‍റായി വീണ്ടും ജിയാൻ ഇൻഫാന്‍റിനോ
ഫിഫ പ്രസിഡന്‍റായി വീണ്ടും ജിയാനി ഇൻഫാന്‍റിനോ

By

Published : Mar 16, 2023, 7:21 PM IST

സൂറിച്ച്: ഫിഫയുടെ പ്രസിഡന്‍റായി തുടർച്ചയായ മൂന്നാം തവണയും ജിയാനി ഇന്‍ഫാന്‍റിനോയെ തെരഞ്ഞെടുത്തു. റുവാണ്ടന്‍ തലസ്ഥാനമായ കിഗാലിയില്‍ നടന്ന 73-ാം ഫിഫ കോണ്‍ഗ്രസിലാണ് ഇന്‍ഫാന്‍റിനോയെ വീണ്ടും ഫിഫയുടെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. എതിരില്ലാതെയായിരുന്നു ഇന്‍ഫാന്‍റിനോ വീണ്ടും ഫിഫയുടെ അധ്യക്ഷനായത്. 2027 വരെ ജിയാനി ഇൻഫാന്‍റിനോ ഫിഫയുടെ പ്രസിഡന്‍റായി തുടരും.

പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും തന്നെ വെറുക്കുന്നവർ ഉൾപ്പെടെ എല്ലാവരെയും സ്‌നേഹിക്കുന്നുവെന്നും ഇൻഫാന്‍റിനോ പറഞ്ഞു. 2016ൽ സെപ് ബ്ലാറ്ററുടെ പിൻഗാമിയായാണ് ജിയാനി ഇന്‍ഫാന്‍റിനോ ആദ്യമായി ഫിഫ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തുന്നത്.

മൂന്ന് വർഷങ്ങൾക്ക് ശേഷം 2019ൽ അദ്ദേഹം വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം വരും വർഷങ്ങളിൽ ഫിഫയുടെ വരുമാനത്തിൽ റെക്കോഡ് വർധനവ് ഉണ്ടാക്കുമെന്നും പ്രസിഡന്‍റായി നിയമിതനായതിന് ശേഷം ഇൻഫാന്‍റിനോ പ്രത്യാശ പ്രകടിപ്പിച്ചു.

താന്‍ ചുമതലയേല്‍ക്കുമ്പോള്‍ വെറും ഒരു ബില്യന്‍ ഡോളർ മാത്രമായിരുന്നു ഫിഫയുടെ കരുതല്‍ ശേഖരം. എന്നാൽ ഇപ്പോഴത് നാല് ബില്യന്‍ ഡോളറാണ്. ഇതോടൊപ്പം വരുമാനം 7.5 ബില്യന്‍ ഡോളറായും ഉയർന്നിട്ടുണ്ട്. 2026 വരെയുള്ള നാല് വർഷക്കാലയളവിൽ 11 ബില്യൺ ഡോളറിന്‍റെ വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്. ഇന്‍ഫാന്‍റിനോ പറഞ്ഞു.

ചരിത്ര മാറ്റവുമായി ഫിഫ: അടിമുടി മാറ്റങ്ങളുടമായാണ് 2026 മുതലുള്ള ലോകകപ്പ് മത്സരങ്ങൾ ഫിഫ സജ്ജീകരിച്ചിരിക്കുന്നത്. 2026 ജൂണ്‍- ജൂലൈ മാസങ്ങളിൽ വടക്കേ അമേരിക്കയിൽ നടക്കുന്ന അടുത്ത ലോകകപ്പ് മുതൽ 32 ടീമുകള്‍ക്ക് പകരം 48 ടീമുകള്‍ മത്സരിക്കുന്നുണ്ട്. കൂടാതെ 32 ടീമുകളുട ക്ലബ്ബ് ലോകകപ്പും നടത്തുന്നുണ്ട്. മത്സരങ്ങളുടെ ദൈർഘ്യം വർധിക്കുന്നത് ഫിഫയുടെ വരുമാനം വർധിപ്പിക്കുമെന്നുമാണ് കണക്കുകൂട്ടൽ.

യു.എസ്, കാനഡ, മെക്‌സിക്കോ എന്നീ വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ 48 രാജ്യങ്ങളാണ് മാറ്റുരയ്‌ക്കുക. ആകെ 104 മത്സരങ്ങൾ ലോകകപ്പിലുണ്ടാകും. നാല് ടീമുകൾ അടങ്ങുന്ന 12 ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടത്തുക. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാർക്ക് നേരിട്ട് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാകും.

കൂടാതെ എല്ലാ ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും മികച്ച എട്ട് മൂന്നാം സ്ഥാനക്കാര്‍ക്കും റൗണ്ട് ഓഫ് 32ലേക്ക് പ്രവേശിക്കാനാകും. ഫൈനലിസ്റ്റുകളും മൂന്ന്, നാല് സ്ഥാനങ്ങൾ നേടുന്ന ടീമുകളും നിലവിലെ ഏഴ് മത്സരങ്ങൾക്ക് പകരം എട്ട് മത്സരങ്ങൾ കളിക്കും. നേരത്തെ മൂന്ന് വീതം ടീമുകളെ 16 ഗ്രൂപ്പുകളായി വിഭജിക്കുന്ന തരത്തിൽ ചർച്ചകൾ നടന്നിരുന്നുവെങ്കിലും ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

42 ടീമുകൾ പങ്കെടുക്കുന്നതോടെ കൂടുതല്‍ രാജ്യങ്ങൾ ലോകകപ്പിന്‍റെ ഭാഗമാകും. ഇതോടെ ഏഷ്യയിൽ നിന്നടക്കം കൂടുതൽ രാജ്യങ്ങൾക്ക് ലോകകപ്പ് ഫുട്‌ബോളിന്‍റെ ഭാഗമാകാൻ സാധിക്കും. 2026 ജൂലായ് 19 നാണ് ലോകകപ്പ് ഫൈനല്‍.

ഖത്തർ ലോകകപ്പിന്‍റെ വൻ വിജയത്തിന് പിന്നാലെ രണ്ട് വർഷം കൂടുമ്പോൾ ലോകകപ്പ് നടത്തണമെന്ന ആവശ്യം ജിയാനി ഇന്‍ഫാന്‍റിനോ നേരത്തെ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഭൂരിപക്ഷം അംഗങ്ങളും ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചതോടെ ഈ ആവശ്യം തൽക്കാലം മാറ്റി വെയ്‌ക്കുകയായിരുന്നു.

ABOUT THE AUTHOR

...view details