ബെർലിൻ: ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് യൂറോപ്യൻ കരുത്തൻമാരായ ജർമനി. അഞ്ച് വർഷങ്ങൾക്ക് ശേഷം ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ മരിയോ ഗോട്‌സെ, 17 കാരൻ യുസുഫ മൗകോകോ തുടങ്ങിയവരെ ഉൾപ്പെടുത്തി ശക്‌തമായി ടീമുമായാണ് പരിശീലകൻ ഹാൻസി ഫ്‌ളിക്ക് ഖത്തറിലേക്ക് വിമാനം കയറുന്നത്. പരിക്കേറ്റ് പുറത്തായ മാർക്കോ റിയുസ്, ടിമോ വെർണർ എന്നിവരാണ് ടീമിൽ ഉൾപ്പെടാത്ത പ്രധാന താരങ്ങൾ.
പതിവ് പോലെ മാനുവൽ ന്യൂയർ തന്നെയാണ് ടീമിന്‍റെ വലകാക്കുക. ടെർ സ്റ്റഗൻ, കെവിൻ ട്രാപ്പ് എന്നിവരാണ് മറ്റ് കീപ്പർമാർ. പ്രതിരോധ നിരയിൽ അന്‍റോണിയോ റൂഡിഗർ, നിക്കോളാസ് സുലെ, ലൂക്കസ് ക്ലോസ്റ്റെർമാൻ, ക്രിസ്റ്റ്യൻ ഗുന്‍റർ, മത്തിയാസ് ജിന്‍റർ, ടിലോ കെഹ്‌റർ, ഡേവിവ് മത്തിയാസ്, അർമേൽ ബെല്ല കൊട്ട്ചാപ്പ്, നിക്കോ സ്‌കോർട്ടർബെക്ക് എന്നിവരും ഇടം പിടിച്ചു. മാറ്റ്സ് ഹമ്മൽസാണ് പ്രതിരോധ നിരയിൽ ടീമിൽ ഉൾപ്പെടാത്ത പ്രധാന താരം.
ലിയോണ്‍ ഗോരെട്‌സ്‌ക, ഇൽകെയ് ഗുണ്ടോഗൻ, ജോഷ്വ കിമ്മിച്ച്, ജമാൽ മുസ്യാല എന്നിവർ മധ്യനിരക്ക് കരുത്തു പകരും. തോമസ് മുള്ളർ, കെയ് ഹാവെർട്ട്സ്, സെർജി ഗ്നാബറി, കരീം അദെയെമി, ലിയോറി സനെ, യൂസൗഫ മൗോകോകോ എന്നിവരാണ് മുന്നേറ്റ നിരയിലെ പ്രധാന താരങ്ങൾ. കൂടാതെ ജൂലിയൻ ബ്രാൻഡ്‌ട്ട്, നിക്കളാസ് ഫുൾക്കുർഗ്, മരിയോ ഗോഡ്‌സെ, കരിം അഡെയ്‌മി, ജോനസ് ഹോഫ്‌മാൻ എന്നിവരും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ALSO READ:പിടിവിടാതെ പരിക്ക് ; ജർമനിയുടെ സൂപ്പർ താരം മാര്‍ക്കോ റിയുസ് ലോകകപ്പിൽ നിന്ന് പുറത്ത്
2014- ലോകകപ്പിലെ ചാമ്പ്യന്‍മാരായ ജര്‍മനി 2018-ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു. അതിനാൽ ഇത്തവണ ശക്‌തരായ യുവനിരയെ കളത്തിലിറക്കി മികച്ച പോരാട്ടമാണ് പരിശീലകൻ ഹാൻസി ഫ്‌ളിക്ക് ലക്ഷ്യമിടുന്നത്. ലോകകപ്പിൽ ഗ്രൂപ്പ് ഇ യില്‍ സ്‌പെയിന്‍, കോസ്റ്റാറിക്ക, ജപ്പാന്‍ എന്നിവരോടൊപ്പമാണ് ജര്‍മനിയുടെ സ്ഥാനം. ജപ്പാനുമായിട്ടാണ് ടീമിന്‍റെ ആദ്യ മത്സരം.