ബർലിൻ : ജർമന്‍ ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യക്ക് സന്തോഷവും നിരാശയും. രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി വി സിന്ധു പുറത്തായി. ലോക ചാമ്പ്യൻഷിപ്പ് വെള്ളി ജേതാവ് കിഡംബി ശ്രീകാന്ത് ടൂർണമെന്‍റിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
ഏഴാം സീഡും 2019 ലെ ലോകചാമ്പ്യനുമായ സിന്ധു വനിതാ സിംഗിൾസിന്‍റെ രണ്ടാം റൗണ്ടിൽ ചൈനയുടെ ഷാങ് യി മാനോട് 14-21, 21-15, 14-21 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. 55 മിനിട്ടിനുള്ളില്‍ മത്സരം അവസാനിച്ചു.
മത്സരം 5-5 ൽ നിൽക്കുമ്പോൾ തുടർച്ചയായി ആറ് പോയിന്‍റ് നേടിയ ഷാങ് 11-5 ന്‍റെ ലീഡിലേക്ക് കുതിച്ചു. അധികം വൈകാതെ 14-21 ന് ആദ്യ ഗെയിം സ്വന്തമാക്കി.
ALSO READ:IND VS SL | രണ്ടാം ടെസ്‌റ്റിനായി ടീമുകൾ ബെംഗളൂരുവിൽ; പിങ്ക് ബോളിൽ പരിശീലനം തുടങ്ങി
21-15 ന് രണ്ടാം ഗെയിം സ്വന്തമാക്കിയ സിന്ധു മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം ഗെയിമിൽ ഇന്ത്യൻ താരത്തിന് കാര്യമായ അവസരം നൽകിയില്ല. 14-21 ന് സെറ്റ് നേടിയ ചൈനീസ് താരം മത്സരം വരുതിയിലാക്കി.
അടുത്തയാഴ്‌ച നടക്കുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സിന്ധുവിന് തിരിച്ചടിയാണ് ഈ പരാജയം.
പുരുഷ സിംഗിൾസിന്‍റെ രണ്ടാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പറും ഇവിടെ എട്ടാം സീഡുമായ ശ്രീകാന്ത്, ചൈനയുടെ ലു ഗുവാങ് സുവിനെതിരെ 21-16, 21-23, 21-18 ന് ജയിച്ചു. ഒരു മണിക്കൂറും ഏഴുമിനിട്ടും നീണ്ടുനിന്നതായിരുന്നു മത്സരം.