മ്യൂണിക്ക് : ബോക്‌സിങ് രംഗത്തെ മികച്ച താരങ്ങളിലൊരാളായ ജർമനിയുടെ മൂസ യമക് മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മ്യൂണിക്കിൽവച്ച് നടന്ന മത്സരത്തിൽ യുഗാൻഡയുടെ ഹംസ വാൻഡേറയെ നേരിടുമ്പോളാണ് യമക് ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീണത്.
ഉടൻതന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെറും 38 വയസ് മാത്രമാണ് താരത്തിന്‍റെ പ്രായം. ബോക്‌സിങ് കരിയറിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവിയറിയാത്ത താരമാണ് യമക്.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ജേതാവായ യമക് വാൻഡഡേറയ്‌ക്കെതിരായ മത്സരത്തിന്‍റെ മൂന്നാം റൗണ്ടിലാണ് കുഴഞ്ഞുവീണത്. രണ്ടാം റൗണ്ടിൽ വാൻഡഡേറയിൽ നിന്ന് കനത്ത ആക്രമണം മൂസ യമക്കിന് നേരിടേണ്ടി വന്നിരുന്നു.
പ്രൊഫഷണൽ ബോക്‌സിങ്ങിൽ ഒരു ബോക്‌സർക്ക് പോലും മൂസ യമക്കിനെ ഇതുവരെ തോൽപ്പിക്കാനായിട്ടില്ല. പങ്കെടുത്ത എട്ട് മത്സരങ്ങളിലും താരം വിജയം നേടി. തുർക്കിയിൽ ജനിച്ച യമക് 2017-ലാണ് പ്രൊഫഷണൽ രംഗത്തേക്ക് വരുന്നത്. പിന്നീട് ജർമനിയിലേക്ക് താമസം മാറുകയായിരുന്നു. 2021-ൽ നടന്ന ഡബ്ല്യു.ബി ഫെഡ് അന്താരാഷ്ട്ര കിരീടം നേടിയതോടെയാണ് യമക് ലോകപ്രശസ്‌തനായത്.