ക്യാംപ് നൗവ്: ബാഴ്‌സലോണയുടെ ഇതിഹാസ താരം ജെറാര്‍ഡ് പിക്വെയുടെ കാമ്പ് നൗവിലെ അവസാന മത്സരം കാണാനെത്തിയത് 92,000ത്തില്‍ ഏറെ ആരാധകര്‍. ലാലിഗയില്‍ അല്‍മെരിയയ്ക്കെതിരായാണ് 35കാരനായ പിക്വെ ബാഴ്‌സയുടെ സ്വന്തം തട്ടകമായ കാമ്പ് നൗവില്‍ അവസാന മത്സരത്തിനിറങ്ങിയത്. ഏറെ നാളായി മോശം ഫോമിലുള്ള താരം അല്‍മെരിയയ്ക്കെതിരെ പകരക്കാരനായാണ് കളിക്കാനിറങ്ങിയത്.
മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബാഴ്‌സ അല്‍മെരിയയെ തോല്‍പ്പിച്ചിരുന്നു. ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ജെറാര്‍ഡ് പിക്വെ ചൊവ്വാഴ്‌ച ഒസാസുനയ്‌ക്കെതിരായ മത്സരത്തോടെയാണ് ബാഴ്‌സ കുപ്പായം അഴിക്കുക. ഭാവിയിൽ വീണ്ടും താന്‍ ഇവിടെ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ പിക്വെ പറഞ്ഞു.
"ടീമംഗങ്ങൾക്കും സ്റ്റാഫിനും എല്ലാവർക്കും നന്ദി. സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും ഏറെ നീണ്ട ബന്ധങ്ങള്‍ക്ക് ഒടുവില്‍ ഇവിടം വിടാനുള്ള നിമിഷമാണിതെന്ന് ഞാൻ കരുതുന്നു. എന്നാല്‍ ഇതൊരു വിടവാങ്ങലല്ല. ഞാൻ ഇവിടെ ജനിച്ചു, ഇവിടെ മരിക്കും," ജെറാര്‍ഡ് പിക്വെ പറഞ്ഞു.