ആഫ്രിക്കൻ വൻകരയിൽ നിന്നുള്ള എക്കാലത്തെയും മികച്ച ഫുട്ബോളറായി വിലയിരുത്തപ്പെടുന്ന താരമാണ് ജോർജ് വിയ. ദാരിദ്ര്യത്തോടും പട്ടിണിയോടും പടവെട്ടി ഫുട്ബോൾ ലോകത്തിന്‍റെ നെറുകയിലേക്ക് ഉയര്‍ന്ന വിയയുടെ കരിയര്‍ സമാനതകളില്ലാത്തതാണ്. 1986 മുതല്‍ ലൈബീരിയന്‍ ദേശീയ ടീമിനായി പന്ത് തട്ടി തുടങ്ങിയ വിയ യൂറോപ്പിലെ മുന്‍നിര ക്ലബുകള്‍ക്കായും കളിച്ചിട്ടുണ്ട്.
ഫിഫ ലോക ഫുട്ബോളർ, യൂറോപ്യൻ ഫുട്ബോളർ, ആഫ്രിക്കൻ ഫുട്ബോളർ, ബാലണ്‍ ദ്യോർ തുടങ്ങിയ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ തന്‍റെ ഐതിഹാസിക കരിയറില്‍ ഒരിക്കല്‍ പോലും ലോകകപ്പില്‍ പന്തുതട്ടാനുള്ള ഭാഗ്യം താരത്തിനുണ്ടായിട്ടില്ല. രാജ്യത്തെ ലോകകപ്പിൽ പങ്കെടുപ്പിക്കുകയാണ് തന്‍റെ സ്വപ്‌നമെന്ന് ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട വേളയില്‍ വിയ പറഞ്ഞിരുന്നു.
1996, 2002 വര്‍ഷങ്ങളില്‍ ലൈബീരിയയ്‌ക്ക് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന് യോഗ്യത നേടിക്കൊടുത്ത വിയ 2002ല്‍ ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ വരെ ടീമിനെയെത്തിച്ചു. ഏറെക്കുറെ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്ന വിയയ്‌ക്കൊപ്പം മികവ് പുലര്‍ത്താനാവുന്ന മറ്റ് താരങ്ങളുടെ അഭാവമായിരുന്നു ടീമിനെ പിന്നോട്ടടുപ്പിച്ചത്. ഒടുവില്‍ 2003ലാണ് താരം തന്‍റെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ചത്.