ദോഹ:ഖത്തര്‍ ലോകകപ്പിന്‍റെ കലാശപ്പോരിന് അര്‍ജന്‍റീനയും ഫ്രാന്‍സുമിറങ്ങുമ്പോള്‍ ടൂര്‍ണമെന്‍റിലെ താരമാവാനുള്ള പോരാട്ടവും കടുക്കും. കാരണം ലോകകപ്പിലെ താരമാവാനുള്ള മത്സരത്തില്‍ അര്‍ജന്‍റീനൻ നായകന്‍ ലയണല്‍ മെസിയും ഫ്രഞ്ച് സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയുമാണ് മുന്നിലുള്ളത്. നിലവില്‍ അഞ്ച് ഗോളുകള്‍ വീതം നേടിയ ഇരുവരും ടൂര്‍ണമെന്‍റിലെ സംയുക്ത ടോപ് സ്‌കോറര്‍മാരാണ്.
എന്നാല്‍ തന്നെ സംബന്ധിച്ച് ഖത്തര്‍ ലോകകപ്പിലെ ഏറ്റവും മികച്ച താരം ലയണല്‍ മെസിയാണെന്നാണ് ഇംഗ്ലണ്ട് മുന്‍ ഡിഫൻഡർ ഗാരി നെവിൽ പറയുന്നത്. മെസിയെ അപേക്ഷിച്ച് എംബാപ്പെയ്ക്ക് വളരെ മികച്ച ടീമാണുള്ളതെന്നു നെവിൽ പറഞ്ഞു. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തോടാണ് മുന്‍ ഇംഗ്ലീഷ് താരത്തിന്‍റെ പ്രതികരണം.
"ഈ ടൂര്‍ണമെന്‍റിലെ മികച്ച താരമാവാന്‍ കിലിയന്‍ എംബാപ്പെയും മെസിയും തമ്മിലാണ് മത്സരമുള്ളത്. എന്നാല്‍ ഞാന്‍ മെസിയെ തെരഞ്ഞെടുക്കും. മെസിയെ അപേക്ഷിച്ച് എംബാപ്പെയ്ക്ക് വളരെ മികച്ച ടീമാണുള്ളത്. എംബാപ്പെയ്ക്ക് ചുറ്റും ഒരുപിടി മികച്ച കളിക്കാരുണ്ട്.
മെസിക്ക് ചുറ്റുമുള്ള താരങ്ങള്‍ മികച്ച പ്രകടനം നടത്തുന്നവരാണെങ്കിലും ഫ്രാന്‍സ് താരങ്ങളുടെ അത്രയുമെത്തില്ല." ഗാരി നെവിൽ പറഞ്ഞു.