ബാക്കു (അസർബൈജാൻ) : ചെസ് ലോകകപ്പിന്‍റെ (Chess World Cup 2023) ഫൈനലിലേക്ക് കുതിച്ചിരിക്കുകയാണ് ഇന്ത്യയുടെ അഭിമാന താരം ആർ പ്രജ്ഞാനന്ദ (R Praggnanandhaa). ലോക മൂന്നാം നമ്പറായ ഫാബിയാനോ കരുവാനയെ (Fabiano Caruana) തോല്‍പ്പിച്ചാണ് ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റര്‍ മുന്നേറ്റമുറപ്പിച്ചത്. ടൂര്‍ണമെന്‍റിനിടെ താരത്തെ അനുഗമിച്ചെത്തിയ അമ്മ നാഗലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
18-കാരന്‍ എവിടെ മത്സരിക്കാനെത്തിയാലും നാഗലക്ഷ്മിയുടെ സാന്നിധ്യമുണ്ടാവാറുണ്ട്. താരത്തിന് ലഭിക്കുന്ന ഈ അകമഴിഞ്ഞ പിന്തുണ ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റുകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ഇപ്പോഴിതാ പ്രജ്ഞാനന്ദയുടെ നേട്ടങ്ങളെയും താരത്തിന് അമ്മ നല്‍കുന്ന കരുത്തിനേയും അഭിനന്ദിച്ചിരിക്കുകയാണ് ഇതിഹാസ താരം ഗാരി കാസ്‌പറോവ് (Garry Kasparov hails R Praggnanandhaa).
ചെന്നൈക്കാരനായ ഇന്ത്യാക്കാരന്‍ രണ്ട് ന്യൂയോർക്ക് കൗബോയ്‌സിനെയാണ് പരാജയപ്പെടുത്തിയിരിക്കുന്നതെന്നാണ് മുന്‍ ലോക ചാമ്പ്യനായ ഗാരി കാസ്‌പറോവ് ട്വീറ്റ് ചെയ്‌തിരിക്കുന്നത്. "ആർ പ്രജ്ഞാനന്ദയ്‌ക്കും അവന്‍റെ അമ്മയ്‌ക്കും അഭിനന്ദനങ്ങള്‍. എല്ലാ മത്സരങ്ങളിലും അവനെ അനുഗമിക്കുന്ന അഭിമാനിയായ അമ്മ എന്ന നിലയിൽ, ഇത് ഒരു പ്രത്യേക തരത്തിലുള്ള പിന്തുണയാണ്!. ചെന്നൈ ഇന്ത്യൻ രണ്ട് ന്യൂയോർക്ക് കൗബോയ്‌സിനെ പരാജയപ്പെടുത്തി!."- 60-കാരനായ റഷ്യന്‍ ഗ്രാൻഡ്‌മാസ്റ്റർ ട്വിറ്ററില്‍ കുറിച്ചു.
പ്രയാസകരമായ സ്ഥാനങ്ങളിൽ ഉറച്ച് നിന്നായിരുന്നു ഇന്ത്യന്‍ താരം കളിച്ചതെന്നും ഗാരി കാസ്പറോവ് തന്‍റെ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിഡെ ചെസ് ലോകകപ്പില്‍ സ്വപ്‌നക്കുതിപ്പ് നടത്തുന്ന പ്രജ്ഞാനന്ദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഫാബിയാനോ കരുവാനയെ 3.5-2.5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.