ലണ്ടൻ : യുവേഫ നേഷൻസ് ലീഗിൽ വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ട് നേരിട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽക്കുകയും രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്‌തതോടെ അടുത്ത റൗണ്ടിൽ പ്രവേശിക്കാനുള്ള സാധ്യത വിരളമാണ്. ടീമിന്‍റെ മോശം പ്രകടനത്തിലും പരിശീലകൻ സൗത്ത്ഗേറ്റിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നാണ് ഇംഗ്ലീഷ് എഫ്എ പറയുന്നത്.
വെംബ്ലിയിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോൽവി നേരിട്ടതിനുശേഷം ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതിനുപിന്നാലെയാണ് യുവേഫ നേഷൻസ് ലീഗിൽ ഹംഗറിയോട് 90 വർഷത്തിനിടയിൽ സ്വന്തം മൈതാനത്ത് ഏറ്റവും വലിയ പരാജയം ഇംഗ്ലണ്ട് വഴങ്ങിയത്. ഇംഗ്ലണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വന്തം മൈതാനത്ത് ഒരു ഗോൾ പോലും തിരിച്ചടിക്കാതെ, നാലോ അതിലധികമോ ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങുന്നത്.
1928-ന് ശേഷം നാട്ടിലെ ഏറ്റവും കനത്ത തോൽവിയെന്ന നാണക്കേടും ഇതിനൊപ്പം ചേർത്ത് വായിക്കാം. അന്ന് സ്‌കോട്‌ലാൻഡിനെതിരെ 5-1 ന്‍റെ തോൽവിയാണ് ഇംഗ്ലണ്ട് നേരിട്ടത്. 2014-ന് ശേഷം ആദ്യമായി വിജയമില്ലാതെ തുടർച്ചയായി നാല് മത്സരങ്ങളെന്ന നാണക്കേടും സൗത്ത്ഗേറ്റിന്‍റെ തലയിലായി.