കേരളം

kerala

ETV Bharat / sports

ഗബ്രിയേൽ മാർട്ടിനെല്ലി പീരങ്കിപ്പടയ്‌ക്കൊപ്പം തുടരും ; പുതിയ കരാര്‍ ഒപ്പുവച്ച് ബ്രസീല്‍ താരം

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ് ക്ലബ് ആഴ്‌സണലുമായി 2027വരെയുള്ള കരാര്‍ ഒപ്പുവച്ച് ബ്രസീല്‍ താരം ഗബ്രിയേൽ മാർട്ടിനെല്ലി

By

Published : Feb 3, 2023, 5:24 PM IST

Gabriel Martinelli signs new contract with Arsenal  Gabriel Martinelli  Arsenal  Gabriel Martinelli news  Arsenal news  ഗബ്രിയേൽ മാർട്ടിനെല്ലി  ആഴ്‌സണല്‍  ആഴ്‌സണലുമായി കരാറൊപ്പിട്ട് ഗബ്രിയേൽ മാർട്ടിനെല്ലി  പ്രീമിയർ ലീഗ്  Premier League
ഗബ്രിയേൽ മാർട്ടിനെല്ലി പീരങ്കിപ്പടയ്‌ക്കൊപ്പം തുടരും

ലണ്ടന്‍ : ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേൽ മാർട്ടിനെല്ലി പ്രീമിയർ ലീഗ് ടോപ്പേഴ്‌സായ ആഴ്‌സണലില്‍ തുടരും. 21കാരനുമായുള്ള കരാര്‍ പുതുക്കിയതായി ആഴ്‌സണല്‍ അറിയിച്ചു. 2027 വരെ നീണ്ടുനിൽക്കുന്നതാണ് പുതിയ കരാര്‍.

ആവശ്യമെങ്കില്‍ 12 മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണ് പുതിയ കരാര്‍. 2022 ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ബ്രസീലിനെ പ്രതിനിധീകരിച്ച മാർട്ടിനെല്ലി സീസണില്‍ മിന്നും ഫോമാണ് തുടരുന്നത്. പ്രീമിയര്‍ ലീഗില്‍ ക്ലബ്ബിന്‍റെ 19 മത്സരങ്ങളിലും സ്റ്റാര്‍ട്ടിങ്‌ ഇലവനില്‍ സാന്നിധ്യം നേടാന്‍ താരത്തിന് കഴിഞ്ഞിരുന്നു.

ഗബ്രിയേൽ മാർട്ടിനെല്ലി

സീസണില്‍ വിവിധ ടൂര്‍ണമെന്‍റുകളിലായി ഇതേവരെ 27 മത്സരങ്ങളില്‍ ക്ലബ്ബിനായി കളത്തിലിറങ്ങിയ താരം ഏഴ്‌ ഗോളുകളും മൂന്ന് അസിസ്‌റ്റുകളും നേടിയിട്ടുണ്ട്. മാർട്ടിനെല്ലിയുമായി പുതിയ ദീർഘകാല കരാറിൽ ഒപ്പുവച്ചതില്‍ സന്തോഷമുണ്ടെന്ന് ആഴ്‌സണല്‍ പരിശീലകന്‍ മൈക്കൽ അർട്ടെറ്റ ക്ലബ്ബിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിനോട് പറഞ്ഞു.

'ഏറെ കഠിനാധ്വാനം ചെയ്യുന്ന മാർട്ടിനെല്ലി മികച്ച ഗുണനിലവാരവും ഊർജവുമുള്ള താരമാണ്. വളരെ ചെറുപ്പമായ അവനില്‍ നിന്നും ഇനിയും ഏറെ കാര്യങ്ങള്‍ വരാനുണ്ട്. അവനോടൊപ്പം ഒന്നിച്ച് യാത്ര ചെയ്യുന്നത് വളരെ സന്തോഷകരമാണ്.

അവന്‍റെ വലിയ കഴിവുകൾ വികസിപ്പിക്കുന്നത് തുടരുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. വരും വർഷങ്ങളിലും ആഴ്‌സണലിനൊപ്പം അവന്‍ മികച്ച പ്രകടനം നടത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് - മൈക്കൽ അർട്ടെറ്റ വ്യക്തമാക്കി.

ALSO READ:'അവിടം എന്‍റെ വീടാണ്'; ബാഴ്‌സലോണയിലേക്ക് തിരികെ വരുമെന്ന് ലയണല്‍ മെസി

ബ്രസീലിയൻ ഫുട്ബോളില്‍ ലോവര്‍ ടയര്‍ ലീഗുകളില്‍ കളിച്ചതിന് ശേഷം 2019ൽ ഇറ്റാലിയന്‍ ക്ലബ് ഇറ്റുവാനോയിൽ നിന്നാണ് 21കാരന്‍ ഗണ്ണേഴ്‌സിനൊപ്പം ചേരുന്നത്. ക്ലബ്ബിനായി ഇതേവരെ 111 മത്സരങ്ങളില്‍ 25 ഗോളുകളാണ് താരം നേടിയത്. ടീമിന്‍റെ 2020ലെ എഫ്എകപ്പ് വിജയത്തിലും താരം പങ്കാളിയായി.

2021 ഡിസംബറിലും 2022 ജനുവരിയിലും ക്ലബ്ബിന്‍റെ പ്ലെയർ ഓഫ് ദ മന്ത് ആയും മാര്‍ട്ടിനെല്ലി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടിനിപ്പുറം വീണ്ടുമൊരു പ്രീമിയർ ലീഗ് കിരീടം ലക്ഷ്യം വയ്‌ക്കുന്ന ആഴ്‌സണലിന് മാർട്ടിനെല്ലി മുതല്‍ക്കൂട്ടാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 50 പോയിന്‍റുമായി പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആഴ്‌സണല്‍. 20 മത്സരങ്ങളില്‍ നിന്നും 45 പോയിന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details