പനാജി: ഫുട്‌ബോളിന്‍റെ കുട്ടിരൂപമായ ഫുട്‌സാലിന് ഗോവയില്‍ പ്രചാരമേറുന്നു. പുല്ലുനിറഞ്ഞ വലിയ മൈതാനത്ത് കളിക്കുന്ന ഫുട്‌ബോളിന്‍റെ ഇൻഡോർ പതിപ്പിലേക്ക് ഗോവ പതുക്കെ ചുവടുവയ്‌ക്കുകയാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 15ലധികം ഫുട്‌സാൽ ഗ്രൗണ്ടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്.
ഫുട്ബോൾ കളിക്കാർക്കുള്ള നഴ്‌സറിയായാണ് പ്രമോട്ടർമാർ ഇതിനെ വിശേഷിപ്പിക്കുന്നത്. 2016 മുതല്‍ ഫുട്‌സാലിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും, ആറ് വർഷത്തിനുള്ളിൽ തങ്ങളുടെ ശ്രമങ്ങൾ ഫലം കണ്ടുവെന്നും ഫുട്‌സാൽ അലയൻസ് ഓഫ് ഗോവ പ്രസിഡന്‍റ് ബെഞ്ചമിൻ സിൽവ പറഞ്ഞു.
ഫിഫയുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഗോവ ഫുട്‌ബോൾ അസോസിയേഷൻ (ജിഎഫ്‌എ) സഹായിക്കാതിരുന്നതിനാല്‍ ഈ യാത്ര എളുപ്പമായിരുന്നില്ല. സംസ്ഥാനത്ത് കൂടുതൽ ഫുട്‌സാൽ കളിക്കാരെ സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു. ശരിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ സംസ്ഥാനത്ത് ഫുട്‌സാൽ വളരാൻ സമയമെടുത്തു. എന്നാൽ ഇപ്പോൾ, ആവശ്യത്തിന് ഗ്രൗണ്ടുകളും ധാരാളം ടീമുകളും മത്സരങ്ങളിൽ ഏർപ്പെടുന്നുണ്ട്.
പത്ത് വർഷം മുമ്പ് ആദ്യത്തെ ഫുട്‌സാൽ ടൂർണമെന്‍റ് നടത്തിയപ്പോൾ ഓസ്‌ട്രേലിയയിൽ നിന്നും പന്തുകൾ ഇറക്കുമതി ചെയ്യേണ്ടിവന്നു. അന്ന് ഫുട്‌സാല്‍ പന്തുകള്‍ ഇന്ത്യയിൽ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇന്ന് അവസ്ഥ മാറിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കുടുതല്‍ പേര്‍ ഫുട്‌സാല്‍ കളിക്കാന്‍ ഇഷ്‌ടപ്പെടുന്നുണ്ട്. ഒരു ഫുട്‌ബോള്‍ മത്സരം കളിക്കാന്‍ 22 പേരെ അവശ്യമുണ്ട്. എന്നാല്‍ ഫുട്‌സാലിനായി വെറും പത്ത് പേര്‍ മതിയെന്നതും കൂടുതല്‍ യുവാക്കളെ ഗെയിമിലേക്ക് അടുപ്പിക്കുന്നുണ്ടെന്നും സില്‍വ കൂട്ടിച്ചേര്‍ത്തു.