ലണ്ടൻ : പ്രീമിയർ ലീഗ് ടേബിളിൽ തരംതാഴ്‌ത്തൽ മേഖല പ്രവചനാതീതമായി തുടരുന്നു. ബ്രൈറ്റണെതിരായ മത്സരത്തിൽ നേടിയ വമ്പൻ ജയത്തോടെ എവർട്ടണ് തത്‌കാലം തരംതാഴ്ത്തൽ ഭീഷണി ഒഴിവായിട്ടുണ്ട്. അതേസമയം ഫുൾഹാമിനെതിരായ പരാജയം മുൻ ചാമ്പ്യൻമാരായ ലെസ്റ്റർ സിറ്റിയെ റിലഗേഷൻ സോണിലേക്ക് തള്ളിയിട്ടു. ലീഗിൽ അവസാന സ്ഥാനത്തുള്ള സതാംപ്‌ടണെ തോൽപിച്ച നോട്ടിങ്‌ഹാം ഫോറസ്റ്റ് 16-ാം സ്ഥാനത്താണ്.
നോട്ടിങ്‌ഹാം ഫോറസ്റ്റിനെതിരായ മത്സരത്തിലെ 4-3 ന്‍റെ തോൽവി സതാംപ്‌ടണിന്‍റെ പുറത്താകൽ വേഗത്തിലാക്കും. നിലവിൽ 35 മത്സരങ്ങളിൽ നിന്നും വെറും 24 പോയിന്‍റ് മാത്രമാണ് സെയിന്‍റ്‌സിന്‍റെ സമ്പാദ്യം. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ നിന്നും പരമാവധി ഒമ്പത് പോയിന്‍റ് നേടിയാലും ലീഗിൽ തുടരാനാകില്ല. നിലവിൽ സതാംപ്‌ടണെയും ലെസ്റ്ററിനെയും കൂടാതെ ലീഡ്‌സ് യുണൈറ്റഡാണ് റിലഗേഷൻ സോണിലുള്ളത്.
ക്ലബ് ചരിത്രത്തിൽ ആദ്യമായി യൂറോപ്പിലേക്ക് യോഗ്യത നേടാനുള്ള കുതിപ്പിലാണ് ബ്രൈറ്റൺ. എന്നാൽ ഒക്‌ടോബറിനുശേഷം വിജയിക്കാത്ത എവർട്ടണെതിരായ പരാജയം ഡി സെർബിയുടെ ടീമിന്‍റെ യുറോപ്യൻ യോഗ്യത പ്രതീക്ഷകൾക്ക് തിരിച്ചടിയായി. എങ്കിലും രണ്ട് മത്സരങ്ങൾ കൈയിലിരിക്കെ ടോട്ടൻഹാമിന് രണ്ട് പോയിന്‍റ് പിന്നിലായി ബ്രൈറ്റൺ ഏഴാം സ്ഥാനത്ത് തുടരുന്നു. അവസാന എട്ട് മത്സരങ്ങളിൽ എവർട്ടണിന്‍റെ ആദ്യ ജയമാണിത്.
മുൻ ചാമ്പ്യൻമാർ പുറത്തേക്കോ..?ഫുൾഹാമിന്‍റെ മൈതാനത്ത് നടന്ന മത്സരത്തിൽ 5-3 നാണ് ലെസ്റ്റർ സിറ്റി തോറ്റത്. പ്രതിരോധത്തിലെ പോരായ്‌മകളാണ് ക്രാവൻ കോട്ടേജിലെ തോൽവിയുടെ പ്രധാന കാരണം. ഈ പരാജയത്തോടെ മുൻചാമ്പ്യൻമാരുടെ ടോപ് ഡിവിഷൻ നിലനിൽപ് തന്നെ തുലാസിലാണ്. കനത്ത തോൽവിക്ക് പിന്നാലെ എവർട്ടണിന്‍റെയും ഫോറസ്റ്റിന്‍റെയും വിജയങ്ങൾ ലെസ്റ്ററിനെ തരംതാഴ്ത്തൽ മേഖലയിലേക്ക് തള്ളിവിട്ടു. കൂടാതെ ടോപ് ഫോർ ലക്ഷ്യമിടുന്ന ലിവർപൂൾ, ന്യൂകാസിൽ, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവർക്കെതിരായ മത്സരങ്ങളിൽ കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. ലീഡ്‌സും ബോൺമൗത്തും മാത്രമാണ് പ്രീമിയർ ലീഗിൽ ലെസ്റ്ററിനേക്കാൾ കൂടുതൽ ഗോളുകൾ വഴങ്ങിയത്.
പ്രതീക്ഷ കാത്ത് നോട്ടിങ്‌ഹാം: ഏഴ് ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ സതാംപ്‌ടണിനെ കീഴടക്കിയാണ് നോട്ടിങ്‌ഹാം ഫോറസ്റ്റ് നിർണായകമായ മൂന്ന് പോയിന്‍റ് നേടിയത്. തായ്‌വോ അവോനി മൂന്ന് മിനിട്ടിനുള്ളിൽ നേടിയ രണ്ട് ഗോളിലാണ് നോട്ടിങ്‌ഹാം ലീഡെടുത്തത്. 25-ാം മിനിട്ടിൽ കാർലോസ് അൽകാരസിലൂടെ സതാംപ്‌ടൺ ഒരു ഗോൾ മടക്കിയെങ്കിലും പെനാൽറ്റിയിലൂടെ മോർഗൻ ഗിബ്‌സ് -വൈറ്റ് ആതിഥേയരുടെ രണ്ട് ഗോളിന്‍റെ ലീഡ് പുനഃസ്ഥാപിച്ചു.
ALSO READ :ഫുട്‌ബോൾ വൈര്യത്തിന്‍റെ ആവേശം തെല്ലും ചോരാതെ സൂപ്പർ ക്ലാസികോ ; റഫറി പുറത്തെടുത്തത് 7 ചുവപ്പ്കാർഡുകളും 9 മഞ്ഞക്കാർഡും
രണ്ടാം പകുതിയുടെ തുടക്കത്തിൽ ലിയാങ്കോയുടെ ഹെഡറിലൂടെ സതാംപ്‌ടൺ ഒരു ഗോൾ കൂടെ നേടി. എന്നാൽ 71-ാം മിനിട്ടിൽ ഡാനിലോ നേടിയ ഗോളിലൂടെ ജയമുറപ്പിച്ച ആതിഥേയർ റിലഗേഷൻ സോണിൽ നിന്നും പുറത്തുകടന്നു. 35 മത്സരങ്ങളിൽ നിന്നും 33 പോയിന്‍റുമായി പതിനാറാമതാണ്.