ന്യൂയോര്‍ക്ക്:ലോകത്തെ ഏറ്റവും സമ്പന്നനായ കായിക താരമായി മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് കോന മഗ്വയറെ തെരഞ്ഞെടുത്ത് ഫോബ്‌സ് മാഗസിന്‍. അമേരിക്കന്‍ ബിസിനസ് മാഗസിനാണ് ഫോബ്‌സ്. ഫുട്‌ബോള്‍ ലോകത്തെ മിശിഹ ലയണല്‍ മെസി, പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെ മറികടന്നാണ് ഐറിഷ് ഗുസ്‌തി താരം മഗ്വയര്‍ ഫോബ്‌സ് പട്ടികയില്‍ ഒന്നാമതായത്. 2020ല്‍ 180 ദശലക്ഷം യുഎസ് ഡോളറാണ് ഐറിഷ് താരത്തിന്‍റെ വാര്‍ഷിക വരുമാനമെന്ന് ഫോബ്‌സ് പറയുന്നു. ഏകദേശം 1326 കോടി രൂപയോളം വരും ഈ തുക.
വരുമാനത്തില്‍ ഭൂരിഭാഗവും ഇടിക്കൂട്ടിന് പുറത്ത് നിന്നുമാണ് ലഭിച്ചത്. 128 ദശലക്ഷം യുഎസ് ഡോളറാണ് പരസ്യത്തില്‍ നിന്ന് ഉള്‍പ്പെടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒരു തവണ മാത്രമാണ് മഗ്വയര്‍ റിങ്ങിലെത്തിയത്. ജനുവരിയില്‍ നടന്ന ഇടിക്കൂട്ടിലെ പോരാട്ടത്തില്‍ ഡോണാള്‍ഡ് സിറോണിനെയാണ് മഗ്വയര്‍ പരാജയപ്പെടുത്തിയത്. ഇതിലൂടെ 22 ദശലക്ഷം യുഎസ് ഡോളറും മഗ്വയര്‍ സ്വന്തമാക്കി. ഇടിക്കൂട്ടിന് പുറത്ത് ബ്രാന്‍ഡ് അംബാസിഡറായും പരസ്യങ്ങളിലൂടെയുമാണ് മഗ്വയറിന്‍റെ വരുമാനത്തില്‍ ഏറിയ പങ്കും ലഭിച്ചത്. മദ്യക്കമ്പിനികളുടെ ഉള്‍പ്പെടെ പരസ്യങ്ങളില്‍ മഗ്വയര്‍ പ്രത്യക്ഷപെട്ടിരുന്നു.