പാരിസ്:ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നിസ് സിംഗിള്‍സ് കലാശപ്പോരാട്ടം ഇന്ന്. 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന റാഫേല്‍ നദാലിന് നോര്‍വീജിയന്‍ താരം കാസ്‌പര്‍ റൂഡാണ് എതിരാളി. ഇന്ത്യന്‍ സമയം വൈകിട്ട് 6:30-നാണ് മത്സരം ആരംഭിക്കുന്നത്.
ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ഫൈനലിനിറങ്ങുന്ന ആദ്യ നോര്‍വേക്കാരനാണ് എട്ടാം സീഡ് താരമായ റൂഡ്. സെമിയില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് റൂഡ് ഫൈനലിന് യോഗ്യത നേടിയത്. ആദ്യ സെറ്റ് നഷ്‌ടമായതിന് ശേഷം ശക്തമായ തിരിച്ചുവരവാണ് രണ്ടം സെമി ഫൈനലില്‍ കാസ്‌പര്‍ റൂഡ് നടത്തിയത്.
ആദ്യ സെമിയില്‍ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വെരേവ് പരിക്കേറ്റ് പിന്മാറിയതോടെയാണ് നദാലിന് ഫൈനല്‍ കളിക്കാന്‍ അവസരം ലഭിച്ചത്. മത്സരത്തിലെ ആദ്യ സെറ്റ് 36 കാരനായ സ്‌പാനിഷ് താരം സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റ് പുരോഗമിക്കവെയാണ് സ്വെരേവിന് പരിക്കേറ്റത്.
നദാലിന് ലക്ഷ്യം 22-ാം ഗ്രാന്‍ഡ് സ്ലാം, ആദ്യ കിരീടം തേടി കാസ്‌പര്‍: ഫ്രഞ്ച് ഓപ്പണിലെ 14-ാം കിരീടവും, കരിയറിലെ 22-ാം ഗ്രാന്‍ഡ് സ്ലാമിനും അരികിലായാണ് നദാല്‍ ഇന്നിറങ്ങുന്നത്. 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍, നൊവാക്ക് ജോക്കോവിച്ച് എന്നിവരെ രണ്ടടി പിന്നിലാക്കാനുള്ള അവസരമാണ് നദാലിന് ഈ മത്സരം. ഈ വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയതോടെയാണ് നദാല്‍ ഈ പട്ടികയില്‍ ഒന്നാമനായത്.