പാരിസ്:ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിസ്‌റ്റുകളെ ഇന്നറിയാം. പുരുഷ സെമി ഫൈനലില്‍ ക്രൊയേഷ്യന്‍ താരം മരിന്‍ സിലിക്, നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിടും. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന റാഫേല്‍ നദാല്‍-അലക്‌സാണ്ടര്‍ സ്വെരേവ് പോരാട്ടവും ഇന്ന് നടക്കും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ നൊവാക്ക് ജോക്കോവിച്ചിനെ തകര്‍ത്താണ് ഇന്ന് 36 വയസ് തികയുന്ന നദാല്‍ സെമിയിലേക്ക് മുന്നേറിയത്. 14-ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ഇതിഹാസ താരത്തിന്‍റെ ലക്ഷ്യം. 2021-ല്‍ പരിക്കിന്‍റെ പിടിയിലായിരുന്ന നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ചിനോട് പരാജയപ്പെട്ടിരുന്നു.
2022 ഫ്രഞ്ച് ഓപ്പണിലേക്ക് എത്തിയപ്പോള്‍ താരത്തെ ഫിറ്റ്നസ് പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നില്ല. ടൂര്‍ണമെന്‍റില്‍ ആദ്യ മൂന്ന് മത്സരങ്ങളും നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വന്തമാക്കിയത്. നാലാം റൗണ്ടിലും, ക്വാര്‍ട്ടറില്‍ ജോക്കോവിച്ചിനെതിരെയും നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ ജയിച്ച് കയറിയത്.