പാരീസ്: 'നമുക്ക് 1028 ദിവസങ്ങൾ ബാക്കി' എന്ന സന്ദേശമുള്ള ടീ ഷർട്ട് ധരിച്ച പരിസ്ഥിതി പ്രവർത്തക ഫ്രഞ്ച് ഓപ്പൺ കോർട്ടിൽ അതിക്രമിച്ചു കയറി പരിഭ്രാന്തി സൃഷ്‌ടിച്ചു. കാസ്‌പർ റൂഡും മരിൻ സിലിക്കും തമ്മിലുള്ള പുരുൺ സെമിഫൈനൽ മത്സരത്തിനിടെ യുവതി കോർട്ടിൽ പ്രവേശിക്കുകയും മെറ്റൽ വയറുകളും പശയുമപയോഗിച്ച് വലയിൽ സ്വയം കെട്ടിയിടുകയായിരുന്നു. ടീ ഷർട്ടിന്‍റെ ഇരുവശത്തും എഴുതിയ സന്ദേശം കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിനെ പരാമർശിക്കുന്നതായിരുന്നു.
'1028 ദിവസം ശേഷിക്കുന്നു'; ഫ്രഞ്ച് ഓപ്പണിൽ വിചിത്ര പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തക
ടീ ഷർട്ടിന്‍റെ ഇരുവശത്തും എഴുതിയ സന്ദേശം കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള യുഎൻ റിപ്പോർട്ടിനെ പരാമർശിക്കുന്നതായിരുന്നു.
കോർട്ട് ഫിലിപ്പ് ചാട്രിയറിൽ 3-6, 6-4, 4-1 എന്ന സ്‌കോറിന് റൂഡ് ലീഡ് ചെയ്‌ത സമയത്താണ് റോളണ്ട് ഗാരോസിലെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തിയ സംഭവം. ഫ്രഞ്ച് പൗരത്വമുള്ള യുവതി, സാധുവായ ടിക്കറ്റുമായി നേരത്തെ വേദിയിൽ പ്രവേശിച്ചതായി ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പുറത്തിറക്കിയ പ്രസ്‌താവനയിൽ വ്യക്‌തമാക്കി. നാല് സെക്യൂരിറ്റി ഗാർഡുകൾ അവളെ സമീപിച്ച് വലയിൽ നിന്ന് വേർപെടുത്തുകയും ഒടുവിൽ അവളെ കൊണ്ടുപോകുന്നതിന് മുമ്പ് പ്രതിഷേധക്കാരി കുറച്ച് മിനിറ്റുകൾ കോർട്ടിൽ തുടരുകയും ചെയ്‌തു.
ഇതാദ്യമായല്ല ഫ്രഞ്ച് ഓപ്പണിൽ കളി തടസപ്പെടുന്നത്; 2013 ലെ പുരുഷ ഫൈനലിനിടെ, ഒരു പ്രതിഷേധക്കാരൻ ഫയർ ഫ്ലയറുമായി കോർട്ടിലേക്ക് പ്രവേശിച്ചിരുന്നു. 2009ലെ പുരുഷവിഭാഗം ഫൈനലിനിടെ, ഒരു കാണി സ്റ്റാൻഡിൽ നിന്ന് കോർട്ടിലേക്ക് ചാടി റോജർ ഫെഡററുടെ തലയിൽ തൊപ്പി ഇടാൻ ശ്രമിച്ചു. 2003 ഫൈനലിൽ ഒരു പുരുഷ താരം വല ചാടിയതും ടെന്നിസ് ലോകത്ത് നിന്നുള്ള സമാനമായ വാർത്തകളാണ്.