പാരിസ് : സമനിലയിലേക്കടുത്തുകൊണ്ടിരുന്ന മത്സരം. അധിക സമയത്തിന്‍റെ അവസാന മിനിട്ടുകളിൽ ബോക്‌സിന് പുറത്ത് വീണുകിട്ടിയ ഫ്രീകിക്കിൽ മാന്ത്രികതയൊളിപ്പിച്ച ഇടം കാലിൽ നിന്ന് മെസിയുടെ മനോഹര ഷോട്ട്. ഗോളിക്ക് ഒരവസരവും നൽകാതെ പന്ത് അനായാസം വലയ്‌ക്കുള്ളിലേക്ക്. സമനിലയുറപ്പിച്ച മത്സരത്തിന്‍റെ ഇഞ്ച്വറി ടൈമിൽ മെസിയുടെ ഗോളിലേറി പിഎസ്‌ജി വിജയം പിടിച്ചെടുത്തപ്പോൾ സ്റ്റേഡിയം ആവേശക്കടലായി മാറി.
ഫ്രഞ്ച് ലീഗിൽ ലില്ലെയ്‌ക്കെതിരായ മത്സരത്തിലാണ് അവസാന നിമിഷം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി പിഎസ്‌ജി വിജയം സ്വന്തമാക്കിയത്. 90-ാം മിനിട്ടുവരെ 3-3 എന്ന നിലയിൽ സമനിലയിൽ തുടർന്ന മത്സരത്തിൽ ഇഞ്ച്വറി ടൈമിന്‍റെ അഞ്ചാം മിനിട്ടിലാണ് മെസി ഗോൾ നേടിയത്. ഇതോടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയ പിഎസ്‌ജി പോയിന്‍റ് പട്ടികയിലെ തങ്ങളുടെ ഒന്നാം സ്ഥാനം ഒരിക്കൽക്കൂടി ഊട്ടിയുറപ്പിച്ചു.
തുടർച്ചയായ മൂന്ന് തോൽവികൾ നൽകിയ ക്ഷീണം മാറ്റാനാണ് പിഎസ്‌ജി ലില്ലെക്കെതിരെ സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയത്. സൂപ്പർ താരങ്ങളായ മെസിയും, നെയ്‌മറും, എംബാപ്പെയുമെല്ലാം ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. വിജയം ലക്ഷ്യമിട്ട് തുടക്കം മുതൽ ആക്രമിച്ച് കളിച്ച പിഎസ്‌ജി 11-ാം മിനിട്ടിൽ തന്നെ ആദ്യ ഗോൾ നേടി. സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്കായിരുന്നു ഗോൾ.
തൊട്ടുപിന്നാലെ 17-ാം മിനിട്ടിൽ തന്നെ നെയ്‌മർ പിഎസ്‌ജിക്കായി രണ്ടാം ഗോളും നേടി. എന്നാൽ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്ന ലില്ലെ 24-ാം മിനിട്ടിൽ തന്നെ തിരിച്ചടിച്ചു. മനോഹരമായൊരു ഹെഡറിലൂടെ ബഫോഡെ ഡയാകിറ്റെയാണ് ഗോൾ നേടിയത്. തുടർന്നും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും മുന്നേറിയെങ്കിലും ഗോൾ മാത്രം പിറന്നില്ല. ഇതോടെ ആദ്യ പകുതിയിൽ 2-1ന് പിഎസ്‌ജി മുന്നിട്ട് നിന്നു.
നെയ്‌മറുടെ പരിക്ക്: രണ്ടാം പകുതിയിലും മികച്ച ആക്രമണങ്ങൾ ലക്ഷ്യമിട്ടാണ് പിഎസ്‌ജി കളത്തിലിറങ്ങിയത്. എന്നാൽ തുടക്കത്തിൽ തന്നെ ലില്ലെ താരങ്ങളുടെ അറ്റാക്കിങ്ങിൽ കണങ്കാലിൽ പരിക്കേറ്റ് നെയ്‌മർ പുറത്തുപോയത് പിഎസ്‌ജിക്ക് തിരിച്ചടിയായി. തൊട്ടുപിന്നാലെ 58-ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ജൊനാഥൻ ഡേവിഡ് ലില്ലെക്ക് സമനില സമ്മാനിച്ചു. പിന്നാലെ 69-ാം മിനിട്ടിൽ പിഎസ്‌ജിയെ നിശബ്‌ദമാക്കിക്കൊണ്ട് ലില്ലെ ലീഡ് നേടി.
ജൊനാഥൻ ബാംബയുടെ വകയായിരുന്നു ഗോൾ. ഇതോടെ പിഎസ്‌ജി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 87-ാം മിനിട്ടിൽ യുവാൻ ബെർനാറ്റ് നൽകിയ ക്രോസിൽ നിന്ന് എംബാപ്പെ പിഎസ്‌ജിയും സമനില ഗോൾ നേടി. ഇതോടെ മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന പ്രതീതിയായി. എന്നാൽ ഇഞ്ച്വറി ടൈമിന്‍റെ അഞ്ചാം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കിമാറ്റി മെസി പിഎസ്‌ജിയുടെ രക്ഷകനായി മാറുകയായിരുന്നു.
വിജയത്തോടെ 24 മത്സരങ്ങളിൽ നിന്ന് 18 വിജയവും മൂന്ന് തോൽവിയും മൂന്ന് സമനിലയും ഉൾപ്പടെ 57 പോയിന്‍റുമായി പിഎസ്‌ജി തങ്ങളുടെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. 24 മത്സരങ്ങളിൽ നിന്ന് 50 പോയിന്‍റുള്ള മൊണാക്കോയാണ് രണ്ടാം സ്ഥാനത്ത്. 23 മത്സരങ്ങളിൽ നിന്ന് 49 പോയിന്‍റുമായി മാഴ്‌സെയാണ് മൂന്നാം സ്ഥാനത്ത്.