ദോഹ: രണ്ട് ദശാബ്‌ദക്കാലമായി ലോകകപ്പ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യൻമാർ ആദ്യ കടമ്പയിൽ വീഴുന്ന ദുർവിധി മാറ്റിക്കുറിച്ച് ഫ്രാൻസ്. ഇന്നലെ നടന്ന മത്സരത്തില്‍ ഡെൻമാർക്കിനെതിരായ ജയത്തോടെയാണ് ചാമ്പ്യൻ ശാപത്തിന് വിരാമമിട്ടത്. ഫുട്ബോൾ ലോകകപ്പിൽ കിരീടം നേടുന്ന ടീം തൊട്ടടുത്ത ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നതിനായിരുന്നു സമീപകാലത്ത് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചത്.
തുടക്കമിട്ടതും ഫ്രാൻസ്: 2002 ൽ ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിച്ച ലോകകപ്പിലാണ് ചാമ്പ്യൻമാരെ തേടി ഈ ദുർവിധിയെത്തുന്നത്. 20 വർഷങ്ങൾക്കിപ്പുറം ഏഷ്യയിലേക്ക് തിരികെയെത്തിയ ലോകകപ്പിൽ തന്നെ അത് തിരുത്തിയെഴുതിയത് കൗതുകകരമാണ്. 1998- ലോകകപ്പ് ജേതാക്കളായി തൊട്ടടുത്ത ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായ അതേ ഫ്രാൻസ് തന്നെയാണ് ഖത്തറിന്‍റെ മണ്ണിൽ ചരിത്രം മാറ്റിയെഴുതിയത്.
1998ൽ കിരീടം നേടിയ ഫ്രാൻസ് 2002ലെ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ എല്ലാവരും ഞെട്ടി. 2002ൽ ജേതാക്കളായ ബ്രസീൽ 2006ൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകാത്തത് ഒഴിച്ചാൽ ബാക്കി എല്ലാ ചാമ്പ്യന്മാരും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായിരുന്നു. 2006ൽ ലോക കിരീടം ഉയർത്തിയ ഇറ്റലി 2010ൽ ഗ്രൂപ്പ് ഘട്ടത്തിൽ വീണു.
സ്‌പെയിനും ജർമനിയും തോറ്റു: 2010ൽ ചാമ്പ്യന്മാരായത് സ്പെയിൻ. സൂപ്പർ താരങ്ങളുടെ നീണ്ട നിരയുമായാണ് സ്പെയിൻ 2014 ലോകകപ്പിനെത്തിയത്. കിരീടം നിലനിർത്തും എന്ന് വരെ പ്രവചനം. പക്ഷെ സ്പെയിനും ചാമ്പ്യൻ ശാപത്തിൽ നിന്ന് രക്ഷപ്പെട്ടില്ല. 2014ൽ ഗ്രൂപ്പ് ഘട്ടത്തിൽ നണംകെട്ടു പുറത്തായി. 2014ൽ കിരീടം നേടിയ ജർമ്മനി 2018ൽ റഷ്യയിൽ ഇതേ വിധി നേരിട്ടു.
2018ൽ ഫ്രാൻസ് ആയിരുന്നു കിരീടം നേടിയത്. ഇത്തവണ ഫ്രാന്‍സ് നോക്കൗട്ട് സ്‌റ്റേജിലേക്ക് മുന്നേറുമോ എന്നതായിരുന്നു ഏവരുടേയും കാത്തിരിപ്പ്. എന്നാല്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചാണ് ഫ്രാന്‍സ് മുന്നേറിയത്. ഖത്തര്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായും ഫ്രാൻസ് മാറി. ഇതോടെ ലോകകപ്പിലെ ചാമ്പ്യൻസ് ശാപം അവസാനിച്ചു എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.