പാരീസ് : ഫുട്ബോളിലെ പരമോന്നത പുരസ്‌കാരമായ ബാലൺ ഡി ഓർ നിർണയത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് ഫ്രാൻസ് ഫുട്ബോൾ. കഴിഞ്ഞ തവണ ഒട്ടേറെ വിവാദങ്ങൾക്ക് കാരണമായ പുരസ്‌കാരത്തിന് കൂടുതൽ വിശ്വാസ്യത കൈവരുത്താന്‍ വേണ്ടിയാണ് ഈ മാറ്റങ്ങളെന്നാണ് റിപ്പോർട്ടുകൾ.
ബാലൺ ഡി ഓറിനുവേണ്ടി കണക്കാക്കുന്ന കാലഘട്ടം കലണ്ടർ വർഷത്തിൽ നിന്നും യൂറോപ്യൻ സീസണിലേക്ക് മാറുമെന്നതാണ് പ്രധാനപ്പെട്ട മാറ്റം. ഇതോടെ ഡിസംബറിലോ ജനുവരിയിലോ പ്രഖ്യാപിച്ചിരുന്ന ബാലൺ ഡി ഓർ അടുത്ത തവണ മുതൽ സെപ്‌തംബറിലോ ഒക്ടോബറിലോ ആയിരിക്കും പ്രഖ്യാപിക്കുക.
ALSO RAED:ISL 2022 | ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം ; ഫൈനലിനരികെ മഞ്ഞപ്പട
പുരസ്‌കാരത്തിനായി താരങ്ങളെ പരിഗണിക്കുന്ന രീതിയിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. നേരത്തെ നേടിയ കിരീടങ്ങൾ വോട്ടിങ്ങിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ അടുത്ത തവണ മുതൽ വ്യക്തിഗത പ്രകടനമാണ് പ്രധാനമായും പരിഗണിക്കുക. താരങ്ങളുടെ കരിയർ മുഴുവൻ കണക്കാക്കുന്നത് പൂർണമായും ഒഴിവാക്കും.ഇത് എല്ലാ പൊസിഷനിലുമുള്ള താരങ്ങൾക്ക് അവാർഡ് ലഭിക്കാൻ അവസരമൊരുക്കും.
ഫൈനൽ വോട്ടിങ്ങിൽ നേരത്തെ 170 ജേർണലിസ്റ്റുകൾ ഉണ്ടായിരുന്നത് അടുത്ത തവണ മുതൽ 100 ആക്കി ചുരുക്കി. ഫിഫയുടെ 100 റാങ്കിങ്ങിൽ വരുന്ന രാജ്യങ്ങളിൽ നിന്നുള്ള ജേർണലിസ്റ്റുകള്‍ക്കായിരിക്കും അവസരം. അതേസമയം വിമൻസ് ബാലൺ ഡി ഓറിന് ഇത് അന്‍പത് പേരായിരിക്കും.