സാഖിര്‍:ബഹ്‌റൈൻ ഗ്രാൻഡ് പ്രീയിലെ തീപിടിത്തത്തെ തുടർന്ന് ചികിത്സയില്‍ തുടരുന്ന ഫ്രഞ്ച് ഡ്രൈവര്‍ റോമന്‍ റോഷന്‍ ചൊവ്വാഴ്‌ച ആശുപത്രി വിടും. ഫോർമുല വണ്‍ ടീം ഹാസ് ഫെരാരിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ബഹറിനിലെ മിലിട്ടറി ആശുപത്രിയിലാണ് റോഷനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രണ്ടു കൈകള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല.
ഫോര്‍മുല വണ്‍ തീപിടിത്തം: ഫ്രഞ്ച് ഡ്രൈവര്‍ ചൊവ്വാഴ്‌ച ആശുപത്രി വിടും
ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീയുടെ ആദ്യ ലാപ്പില്‍ ഹാസ് ഫെരാരിയുടെ ഫ്രഞ്ച് ഡ്രൈവര്‍ റോമന്‍ റോഷന്‍ ഓടിച്ച കാറാണ് അപകടത്തെ തുടര്‍ന്ന് കത്തിയമര്‍ന്നത്. അപകടത്തില്‍ റോഷന് നിസ്സാര പരിക്കേറ്റു
ഗ്രാന്‍ഡ് പ്രീയുടെ ആദ്യ ലാപ്പില്‍ കാർ ബാരിയറിൽ ഇടിച്ചതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. തീ പിടിത്തത്തെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം റോഷന്‍ കാറിന് പുറത്തേക്ക് ചാടി. റോമന്‍ റോഷനെ ഹാസ് എഫ് വണ്‍ ടീമിന്‍റെ പ്രിൻസിപ്പൽ ഗുന്തർ സ്റ്റെയ്‌നർ സന്ദര്‍ശിച്ചു.
ഇന്ധന ടാങ്ക് തകര്‍ന്നതിനെ തുടര്‍ന്നാണ് തീപ്പിടിച്ചതെന്നാണ് നിഗമനം. ഫോര്‍മുല വണ്ണില്‍ ഒരുക്കിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് റോഷന് തുണയായത്. തീപിടിത്തം ഉണ്ടായ ഉടന്‍ കാറിന് പുറത്തിറങ്ങി ബാരിയറിന് മുകളിലൂടെ ചാടിയതിനാല്‍ 34 വയസുള്ള റോഷന്‍ രക്ഷപ്പെട്ടു. ഡ്രൈവറെ ഉടന്‍ ഹെലികോപ്‌റ്ററിലാണ് തൊട്ടടുത്ത മിലിറ്ററി ഹോസ്‌പിറ്റലില്‍ എത്തിച്ചത്. അപകടത്തെ തുടര്‍ന്ന് 1.5 മണിക്കൂറിന് ശേഷം പുനരാരംഭിച്ച മത്സരത്തില്‍ ലൂയി ഹാമില്‍ട്ടണ്‍ ജേതാവായി.