ഹൈദരാബാദ്:ആഗോളതലത്തില്‍ ഏറ്റവും ജനപ്രിയമായ സിംഗിൾ സീറ്റർ ഇലക്‌ട്രിക് റേസായ ഫോർമുല ഇയ്‌ക്ക് ഇന്ന് ഹൈദരാബാദില്‍ ട്രാക്കുണരും. ഹുസൈന്‍ സാഗര്‍ തടാകത്തിന്‍റെ തീരത്തുള്ള സ്‌ട്രീറ്റ് സര്‍ക്യൂട്ടില്‍ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യ ആദ്യമായാണ് ഫോര്‍മുല ഇയ്‌ക്ക് വേദിയാകുന്നത്.
ഒരു മോട്ടോര്‍ സീരീസ് മത്സരത്തിന് ഒരു ദശാബ്‌ദത്തിന് ശേഷമാണ് ഇന്ത്യ വേദിയാകുന്നതെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. നേരത്തെ 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍മുല വണ്‍ കാറോട്ട മത്സരങ്ങള്‍ക്കും രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് സര്‍ക്യൂട്ടിലായിരുന്നു അന്ന് മത്സരങ്ങള്‍ നടന്നത്.
2014-ലാണ് ഫോര്‍മുല ഇ റേസിന് തുടക്കം കുറിച്ചത്. ചൈനയിലെ ബീജിങ് ആയിരുന്നു ആദ്യ വേദി. തുടര്‍ന്ന് ഹോങ്കോങ്, പാരിസ്, ന്യൂയോര്‍ക്ക്, ബെര്‍ലിന്‍ എന്നിവടങ്ങളിലെ സ്‌ട്രീറ്റ് സര്‍ക്യൂട്ടുകളിലായിരുന്നു പോരാട്ടങ്ങള്‍ നടന്നത്. ഹൈദരാബാദിലേക്ക് മത്സരങ്ങള്‍ എത്തുമ്പോള്‍ അത് ഫോര്‍മുല ഇ പ്രിക്‌സിന്‍റെ 30-ാം വേദിയായി മാറും.
സുസജ്ജമായി ഹൈദരാബാദ്:റേസിങിന് മുന്‍പ്ഇന്ന് രാവിലെ 8:40ന് രണ്ടാം പ്രീ പ്രാക്‌ടീസ് നടന്നിരുന്നു. തുടര്‍ന്ന് 10:40ന് യോഗ്യത മത്സരങ്ങള്‍ ആരംഭിച്ചു. 2.8 കിലോ മീറ്റര്‍ സ്ട്രീറ്റ് സര്‍ക്ക്യൂട്ടാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്.
പ്രമുഖരായ 11 ഓട്ടോ മൊബൈല്‍ കമ്പനികളുടെ ഇലക്‌ട്രിക് കാറുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ പ്രതിനിധാനം ചെയ്‌ത് 22 റേസര്‍മാര്‍ മത്സരിക്കും. 21,000 പേര്‍ക്ക് മത്സരം വീക്ഷിക്കാനുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.