ഹൈദരാബാദ് :ഇന്ത്യയിലേക്ക് ആദ്യമായി വിരുന്നെത്തിയ ഫോര്‍മുല ഇ റേസിങ് മത്സരത്തില്‍ ചാമ്പ്യനായി ജീൻ എറിക് വെർഗ്നെ. ഹുസൈന്‍ സാഗര്‍ തടാക തീരത്തിന് ചുറ്റുമായി തയ്യാറാക്കിയ സ്‌ട്രീറ്റ് സര്‍ക്യൂട്ടില്‍ തീപാറും വേഗം കൊണ്ട് 25 പോയിന്‍റ് സ്വന്തമാക്കിയാണ് വെർഗ്നെ ഒന്നാമതെത്തിയത്. ഡിഎസ് പെന്‍സ്‌കെ ടീം അംഗമാണ് വെർഗ്നെ.
ഈ സീസണില്‍ എറിക് വെർഗ്നെയുടെ ആദ്യ വിജയം കൂടിയാണ് ഇത്. ഹൈദരാബാദിലെ ജയത്തോടെ വെർഗ്നെ ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി. എന്‍വിഷന്‍ റേസിങ്ങിന്‍റെ നിക്ക് കാസിഡിയാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. ടാഗ് ഹ്യൂവര്‍ പോര്‍ഷെയുടെ ഡ്രൈവര്‍ അന്‍റോണിയോ ഫെലിക്‌സ് ഡ കോസ്റ്റയായിരുന്നു മൂന്നാമനായത്.
പോര്‍ഷെയുടെ ഡ്രൈവര്‍ വെർലിയനായിരുന്നു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്. നിലവില്‍ ഫോര്‍മുല ഇ ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാണ് വെർലിയന്‍. മഹീന്ദ്രയുടെ ഡ്രൈവര്‍ ഒലിവർ റോളണ്ട് ഇന്നലെ ആറാമതായാണ് മത്സരം അവസാനിപ്പിച്ചത്. മത്സരശേഷം കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറാണ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചത്.
ആകെ 11 ടീമുകളിലായി 22 ഡ്രൈവര്‍മാരായിരുന്നു റേസില്‍ പങ്കെടുത്തത്. പ്രീ പ്രാക്‌ടീസ്, യോഗ്യത റൗണ്ട് മത്സരം എന്നിവയ്‌ക്ക് ശേഷമായിരുന്നു സ്‌ട്രീറ്റ് സര്‍ക്യൂട്ടില്‍ പ്രധാന പോരാട്ടം നടന്നത്. പരിശീലനം രാവിലെ 8:40 നും ക്വാളിഫയര്‍ റൗണ്ട് 10:40നുമായിരുന്നു നടന്നത്. തുടര്‍ന്ന് ഉച്ചയോടെയായിരുന്നു ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന് വേണ്ടി ട്രാക്കുണര്‍ന്നത്.
തിങ്ങി നിറഞ്ഞ് കാണികള്‍, ഒപ്പം പ്രമുഖരും :പത്ത് വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തിയ മോട്ടോര്‍ സ്‌പോര്‍ട്ട് മത്സരം നേരില്‍ കാണാനായി നിരവധി പേരാണ് എത്തിയത്. 20,000 ലധികം പേര്‍ റേസിങ് കാണാനെത്തിയെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളുടെ പങ്കാളിത്തത്തിനൊപ്പം രാഷ്ട്രീയ, കായിക, സിനിമ രംഗത്തുള്ള പ്രമുഖരുടെ സാന്നിധ്യം കൊണ്ടും ഫോര്‍മുല ഇ റേസ് പോരാട്ടം വേറിട്ടുനിന്നു.
തെലങ്കാന മന്ത്രി കെടി രാമറാവു, മറ്റ് രാഷ്ട്രീയ നേതാക്കള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ താരങ്ങളായ ശിഖര്‍ ധവാന്‍, യുസ്‌വേന്ദ്ര ചഹാല്‍, ദീപക് ചഹാര്‍ ബാഡ്‌മിന്‍റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ് തുടങ്ങിയ കായിക താരങ്ങളും തെലുങ്ക് ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരം രാംചരണ്‍ അടക്കമുള്ളവരും കാറോട്ട മത്സരം കാണാനെത്തിയിരുന്നു.
ഇന്ത്യയില്‍ നിരവധി അവസരങ്ങള്‍ :രാജ്യത്ത് മോട്ടോര്‍സ്‌പോര്‍ട്‌സ് സംഘടിപ്പിക്കുന്നതിന് വേണ്ട നല്ല അവസരങ്ങളാണ് ഉള്ളതെന്ന് എഫ്‌ഐഎ പ്രസിഡന്‍റ് മുഹമ്മദ് ബെൻ സുലായം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഈ കായിക ഇനത്തിന് നല്ല ജനപ്രീതിയാണുള്ളത്. മത്സരങ്ങള്‍ നടത്താന്‍ വേണ്ട കുറച്ച് ട്രാക്കുകള്‍ ഇന്ത്യയിലും നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യയിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരുക്കിയത് വന്‍ സജ്ജീകരണങ്ങള്‍ :ഏകദേശം 21,000 പേർക്ക് ഫോർമുല ഇ റേസ് കാണാൻ കഴിയുന്ന തരത്തിലുള്ള ഗാലറിയാണ് ഒരുക്കിയത്. മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ നഗരത്തിലെ എൻടിആർ മാർഗ്, സെക്രട്ടേറിയറ്റ്, മിന്‍റ് കോമ്പൗണ്ട്, തെലുഗു താലി ഫ്ലൈ ഓവർ എന്നീ പ്രദേശങ്ങളുടെ നിയന്ത്രണം നേരത്തെ തന്നെ പൊലീസ് ഏറ്റെടുത്തിരുന്നു. കാണികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ 17 ഇടങ്ങളിലായാണ് ഒരുക്കിയിരുന്നത്.