പാരീസ്: സഹതാരത്തെ ആക്രമിച്ച സംഭവത്തില്‍ പിഎസ്‌ജിയുടെ മുന്‍ വനിത താരം അമിനാത്ത ഡിയാലോ വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ നവംബറില്‍ നടന്ന സംഭവത്തിലാണ് ഫ്രഞ്ച് താരത്തിന്‍റെ അറസ്റ്റ്. ആക്രമണത്തിന് പിന്നാലെ 27കാരിയായ ഡിയാലോ പിടിയിലായിരുന്നുവെങ്കിലും കുറ്റം ചുമത്താതെ വിട്ടയച്ചിരുന്നു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ഈയാഴ്‌ച ആദ്യം നാല് പേര്‍ പൊലീസ് പിടിയിലായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിയാലോയെ വീണ്ടും അറസ്റ്റ് ചെയ്‌തത്.
പിഎസ്‌ജിയിലും ഫ്രഞ്ച് ടീമിലും ഡിയാലോയുടെ സഹതാരമായിരുന്ന ഖൈറ ഹാമറൂയിയാണ് ആക്രമിക്കപ്പെട്ടത്. ടീമിലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് ആക്രമണമുണ്ടായത്. കാര്‍ തടഞ്ഞ് നിര്‍ത്തിയ മുഖമൂടിധാരികളായ അക്രമികള്‍ ഹാമറൂയിയെ വലിച്ചിറക്കി രണ്ട് കാലുകളിലും ഇരുമ്പ് വടി കൊണ്ട് അടിക്കുകയായിരുന്നു.