ദോഹ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ഫുട്‌ബോള്‍ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കാൻ ഫിഫ. കൊവിഡ് പശ്ചാത്തലത്തില്‍ നടപ്പിലാക്കിയിരുന്ന അഞ്ച് സബ്‌സ്‌റ്റിറ്റ്യൂഷൻ സ്ഥിരപ്പെടുത്താൻ അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് തീരുമാനിച്ചു. നേരത്തെ കൊവിഡ് പ്രതിസന്ധിയിൽ താരങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് നടപ്പിലാക്കിയിരുന്ന തീരുമാനം ഗുണം ചെയ്‌തുവെന്ന വിലയിരുത്തലിനെ തുടർന്നാണ് രീതി തുടരാൻ ദോഹയില്‍ ചേര്‍ന്ന ഐഎഫ്‌എബി യോഗം തീരുമാനമെടുത്തത്.
മത്സരം അധിക സമയത്തേക്ക് നീണ്ടുപോയാല്‍ ആറ് താരങ്ങളെ വരെ പകരക്കാരായി ഇറക്കാം. 2020 വരെ അന്താരാഷ്‌ട്ര ഫുട്‌ബോളിലും ലീഗുകളിലും മൂന്ന് സബ്‌സ്‌റ്റിറ്റ്യൂഷനുകൾക്കായിരുന്നു അവസരം ഉണ്ടായിരുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പുതിയ സീസണില്‍ അഞ്ച് പകരക്കാരെ ഇറക്കാൻ തീരുമാനമെടുത്തിരുന്നു.
റിസർവ് ബെഞ്ചിൽ 15 പേർ; റിസർവ് താരങ്ങളുടെ എണ്ണം ഉയർത്താനും യോഗത്തിൽ ധാരണയായിട്ടുണ്ട്. നിലവിൽ 12 കളിക്കാർക്കാണ് റിസർവ് ബെഞ്ചിൽ സ്ഥാനമുണ്ടായിരുന്നത്. ഇനി മുതൽ 15 പേരെ റിസർവ് ബെഞ്ചിൽ ഉൾപ്പെടുത്താൻ ടീമുകൾക്ക് സാധിക്കും. ഇക്കാര്യത്തിൽ അതാത് ടൂർണമെന്‍റ് സംഘാടകരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഖത്തര്‍ ലോകകപ്പിലാകും രണ്ട് തീരുമാനവും പ്രാബല്യത്തിൽ വരിക.
ALSO READ:എര്‍ലിങ് ഹാലൻഡുമായുള്ള കരാര്‍ നടപടികള്‍ മാഞ്ചസ്റ്റര്‍ സിറ്റി പൂര്‍ത്തിയാക്കി
റഫറിമാർക്ക് ക്യാമറ;ഖത്തര്‍ ഫുട്‌ബോൾ ലോകകപ്പിൽ റഫറിമാരുടെ ജേഴ്‌സിയിൽ ക്യാമറ ഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. മത്സരത്തിനിടെ റഫറിമാർക്കെതിരായ കയ്യേറ്റങ്ങൾ കണ്ടെത്തുന്നതിനാണിത്. ഓഫ് സൈഡ് തീരുമാനങ്ങളിലെ കൃത്യത ഉറപ്പാക്കാൻ സെമി ഓട്ടോമാറ്റഡ് സംവിധാനവും പരീക്ഷണ ഘട്ടത്തിലാണ്. ലൈന്‍ റഫറിയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ ഓഫ് സൈഡ് വിളിക്കാന്‍ ഗോള്‍ലൈന്‍ ടെക്‌നോളജി മാതൃകയിലായിരിക്കും ഓഫ് സൈഡ് ഡിറ്റക്‌ടറിന്‍റെ പ്രവർത്തനം. എന്നാൽ ഇത് റഫറിമാരുടെ പ്രാധാന്യം കുറയ്‌ക്കില്ലെന്ന് ഫിഫ റഫറി തലവൻ പിയർ ലുയിജി കൊളിന പറഞ്ഞു.